ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ കുളംവറ്റിച്ച് പരിശോധന ആരംഭിച്ച് ഡല്‍ഹി പോലീസ്. മെഹ്‌റൗളി പ്രദേശത്തെ കുളത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ തല ഈ കുളത്തില്‍ ഉപേക്ഷിച്ചെന്ന് പ്രതി അഫ്താബ് പൂനാവാല പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തുന്നത്.
കുളംവറ്റിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ മുങ്ങല്‍വിദഗ്ധരെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. ശ്രദ്ധയുടെ തല മെഹ്‌റൗളി പ്രദേശത്തെ കുളത്തില്‍ ഉപേക്ഷിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പോലീസ് തെളിവെടുപ്പ് ആരംഭിച്ചത്.
ലിവിങ് ടുഗെദര്‍ പങ്കാളിയായ ശ്രദ്ധയെ, അഫ്താബ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് പതിനെട്ട് ദിവസങ്ങളിലായി മൃതദേഹത്തിന്റെ കഷണങ്ങള്‍ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയാണുണ്ടായത്.
ഈ വര്‍ഷം മേയിലാണ് അഫ്താബും ശ്രദ്ധയും മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് ഇവിടെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ ചെലവുകളുടെ പേരിലും വിശ്വാസ വഞ്ചനയുടെ പേരിലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നാലെ മൃതദേഹം വെട്ടിനുറുക്കി 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.