തിരുവനന്തപുരം :സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടുതവണയായുണ്ടായ മഹാപ്രളയത്തിനു ശേഷം കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിന് കാരണമായേക്കാവുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. വിളനാശത്തിനൊപ്പം കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക രോഗവും വരുത്തുമെന്നു തെളിയിക്കപ്പെട്ട ആഫ്രിക്കന്‍ ഒച്ചുകളുടെ (അക്കാറ്റിന ഫൂലിക്ക) വ്യാപനം 2018ലെ പ്രളയ ശേഷം വര്‍ധിച്ചതായാണു കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ (കെഎഫ്ആര്‍ഐ) കണ്ടെത്തല്‍.ഇതോടെ വനം ഗവേഷണ കേന്ദ്രം ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു.
ഒച്ചുകളുടെ തലഭാഗത്തു കാണപ്പെടുന്ന വിര മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. പ്രശ്നത്തിന്റെ തീവ്രത ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ പ്രചാരണത്തിനു പദ്ധതിയുണ്ടെന്നു കെഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.ശ്യാം വിശ്വനാഥ് പറഞ്ഞു. ഒച്ചുകളുമായുള്ള സ്പര്‍ശത്തിലൂടെ വിര കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണു കണ്ടെത്തല്‍. ആഫ്രിക്കന്‍ ഒച്ചുകള്‍ റബര്‍, തെങ്ങ് തുടങ്ങിയവയ്ക്കും പച്ചക്കറിക്കും വലിയ നാശനഷ്ടം വരുത്തും. കോട്ടയം ജില്ലയില്‍ ഒച്ചുകള്‍ കൂട്ടത്തോടെയെത്തി റബര്‍ പാല്‍ കുടിച്ചു വറ്റിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
2013ലാണ് ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്നു 10 കുട്ടികള്‍ക്ക് ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് ബാധയുണ്ടായത് ആദ്യമായി കൊച്ചിയില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഒച്ചുകളുടെ വ്യാപനത്തിന്റെ തോത് പ്രളയാനന്തരം വര്‍ധിച്ചു. പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ വന്‍തോതിലാണ് വര്‍ദ്ധിച്ചിരിയ്ക്കുന്നത്.