32.8 C
Kottayam
Saturday, April 27, 2024

താലിബാനെതിരെ ജനം തെരുവിൽ,വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു

Must read

കാബൂള്‍:അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെ താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു.പന്ത്രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജലാലാബാദിലെ പഷ്തുനിസ്ഥാന്‍ സ്ക്വയറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പതാകയുമേന്തിയാണ് താലിബാനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചത്.സര്‍ക്കാര്‍ ഓഫീസുകളില്‍ അഫ്ഗാന്‍റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരില്‍ ചിലര്‍ താലിബാന്‍ പതാക നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. തോക്കുമായി ഭീകരര്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവര്‍ക്കുനേരെയാണ് ഭീകരര്‍ തുരുതുരെ നിറയൊഴിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതും വീഡിയാേയില്‍ കാണാം. എന്നാല്‍ സംഭവത്തില്‍ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജലാലാ ബാദിന് സമീപത്തുള്ള ദരോണ്ട സ്ക്വയറിലും, ഖോസ്റ്റിലും മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പതാക നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ പതാക നീക്കം ചെയ്ത താലിബാന്‍ ഭീകരര്‍ അവരുടെ പതാക ഉയര്‍ത്തുകയും ചെയ്തു.

നേരത്തേ അധികാരത്തില്‍ ഇരുന്നപ്പോള്‍ ചെയ്തതുപോലെ മനുഷ്യാവകാശങ്ങള്‍ക്ക് വില കല്പിക്കാതുള്ള ഭരണം താലിബാന് ഇനി സാദ്ധ്യമല്ലെന്നതിന്റെ സൂചനകളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ എന്നാണ് വിലയിരുത്തുന്നത്. തുല്യ അവകാശത്തിന് വേണ്ടി ആയുധമേന്തിയ താലിബാന്‍ ഭീകരര്‍ക്ക് മുന്‍പില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച്‌ പ്രതിഷേധിക്കുന്ന സ്ത്രീകളുടെ ദൃശ്യം നേരത്തേ പുറത്തുവന്നിരുന്നു.

താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിഷേധമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം താലിബാന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് മുന്‍പ് അധികാരത്തിലിരുന്ന സമയത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് താലിബാന്‍ ഒരു വിലയും കല്പിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week