കാബൂൾ:മുൻ പ്രസിഡന്റ് അഷറഫ് ഗനിയുടെ അസാന്നിധ്യത്തിൽ താനാണ് അഫ്ഗാനിസ്താന്റെ ഇടക്കാല പ്രസിഡന്റെന്ന അവകാശ വാദവുമായി മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ്. ഇക്കാര്യം പ്രഖ്യാപിക്കാൻ അഫ്ഗാൻ ഭരണഘടന തന്നെ അധികാരപ്പെടുത്തിയിരിക്കുന്നതായി ഗനി ഭരണകൂടത്തിലെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. പിന്തുണയും പൊതുസമ്മതിയും നേടുന്നതായി എല്ലാ നേതാക്കന്മാരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സാഹചര്യത്തിലും താലിബാന് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാൻ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ അസാന്നിധ്യം, മറ്റുരാജ്യത്തേക്കു രക്ഷപ്പെടൽ, രാജി, മരണം എന്നിവയേതെങ്കിലും സംഭവിച്ചാൽ വൈസ് പ്രസിഡന്റിനായിരിക്കും താത്കാലിക ചുമതല. നിലവിൽ ഞാൻ രാജ്യത്തുതന്നെയുണ്ട്. ഞാനാണ് നിയമാനുസൃതമായ താത്കാലിക പ്രസിഡന്റ്-സലേഹ് ട്വീറ്റു ചെയ്തു.
താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തശേഷം മുൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ താൻ രാജ്യം വിടുകയാണെന്ന് തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിലൂടെ ഗനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, താൻ എവിടെയാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. താൻ രാജ്യം വിട്ടില്ലെങ്കിൽ 60 ലക്ഷം പേർ വസിക്കുന്ന നഗരത്തിൽ വലിയൊരു ദുരന്തം സംഭവിക്കുമെന്നും മുൻ പ്രസിഡന്റ് പറഞ്ഞു