ആരോടും പ്രതികാരം ചെയ്യില്ല,സ്ത്രീകള്‍ക്ക് ഇസ്ലാം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളുംനല്‍കും- താലിബാന്‍
കാബൂൾ:ആർക്കും ഭീഷണികൾ ഉണ്ടാവില്ലെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാൻ. സ്ത്രീകളോട് വിവേചനം ഉണ്ടാവില്ലെന്നും അവർക്കിഷ്ടമുള്ള ജോലി ചെയ്യാൻ അവസരമുണ്ടാകുമെന്നും താലിബാൻ വ്യക്തമാക്കി. അഫ്ഗാനിസ്താൻ നിയന്ത്രണത്തിലായ ശേഷം ആദ്യമായി താലിബാൻ വക്താവ് കാബൂളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്
ലോകത്തിലെ ഒരു രാജ്യത്തിനും അഫ്ഗാനിസ്താനിൽനിന്ന് ഒരുതരത്തിലുള്ള ഭീഷണിയും ഉണ്ടാവില്ലെന്ന് ലോകരാജ്യങ്ങൾക്ക് മുഴുവൻ ഉറപ്പ് നൽകുന്നതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പത്രസമ്മേളനത്തിൽ പറഞ്ഞു. അഫ്ഗാനിസ്താനിൽ ഉടൻതന്നെ ഒരു മുസ്ലിം സർക്കാർ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങൾക്ക് ആരോടും ശത്രുതയില്ല. ഞങ്ങളുടെ നേതാക്കളുടെ നിർദേശപ്രകാരം ഞങ്ങൾ എല്ലാവരോടും പൊറുത്തിരിക്കുന്നു. വിദേശ ശക്തികൾക്കുവേണ്ടി പ്രവർത്തിച്ച സൈനികാംഗങ്ങളോട് അടക്കം ആരോടും പ്രതികാരം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളോട് ഒരു വിവേചനവും ഉണ്ടാവില്ല. ഇസ്ലാം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്കുണ്ടായിരിക്കും. സ്ത്രീകൾക്ക് വേണമെങ്കിൽ ആരോഗ്യ മേഖലയിലും മറ്റു മേഖലകളിലും ജോലിചെയ്യാം.
അതേസമയം, മൂല്യങ്ങൾക്കനുസരിച്ചുള്ള നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ അഫ്ഗാനിസ്താനിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഈ നിയമങ്ങളെ മറ്റു രാജ്യങ്ങൾ ബഹുമാനിക്കണമെന്നും താലിബാൻ വക്താവ് ആവശ്യപ്പെട്ടു.