ഗുരുവായൂരിൽ ബിജെപി സ്ഥാനാർഥി അഡ്വക്കേറ്റ് നിവേദിതയുടെ നാമനിർദ്ദേശ പത്രിക തള്ളിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിനിടെ സ്ഥാനാര്ഥിയെയും നേതൃത്വത്തെയും കുറ്റം പറഞ്ഞു ചിലർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടി നൽകിയിരിക്കുകയാണ് അഡ്വക്കേറ്റ് നിവേദിത തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. “ഫോം എ ബി പരിശോധനക്ക് എനിക്ക് അവസരം കിട്ടിയില്ല.. അത് പരിശോധിക്കേണ്ടത് ഞാൻ അല്ല..
ദയവായി എന്റെ ക്വാളിഫിക്കേഷൻ ചോദ്യം ചെയ്യരുത്…” എന്നാണ് നിവേദിതയുടെ പോസ്റ്റ്.
ഇതിന്റെ അടിയിൽ നിരവധി പേരാണ് ചർച്ചകൾ നടത്തുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. അതേസമയം ‘ദാരിദ്ര്യത്തിന് ജാതിയില്ല’ എന്ന മുദ്രാവാക്യവുമായി മണ്ഡലത്തില്‍ മത്സരിക്കുന്ന ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) എന്‍ഡിഎയുടെ ഘടകകക്ഷിയാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിഎസ്‌ജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് എന്‍ഡിഎ പിന്തുണ നല്‍കും. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സമ്മതമാണെന്ന് സംഘടനയുടെ സംസ്ഥാന ട്രഷറര്‍ കൂടിയായ ദിലീപ് നായര്‍ പറഞ്ഞു.
റിട്ടേണിങ് ഓഫീസര്‍മാര്‍ നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യംചെയ്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്.ഗുരുവായൂരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 25,450 വോട്ടാണ്. ആരുടെയും വോട്ട് വേണ്ടെന്നു പറയില്ലെന്നാണു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എന്‍.എ. ഖാദറിന്റെ പ്രതികരണം.