കൊച്ചി: ഉത്ര വധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ പ്രതികരണവുമായി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. ‘കൊലയ്ക്ക് എല്ലായ്പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും.
സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോര്‍ത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയില്‍ ‘ഇതിലും ഭേദം മരണമായിരുന്നു’ എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താല്‍ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തില്‍ എത്തലും. ഓ, ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ.. എന്ന ക്ളീഷേ പറയാന്‍ വരുന്നവര്‍ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലില്‍ പോയി കിടന്നാല്‍ തീരാവുന്നതേയുള്ളൂ,’ അദ്ദേഹം പറഞ്ഞു.
അതേസമയം, അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് കൊലക്കുറ്റത്തിന് സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പുറപ്പെടുവിച്ചത്. കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനും ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മറ്റ് രണ്ട് കേസുകള്‍ക്ക് 10 വര്‍ഷവും ഏഴ് വര്‍ഷവും തടവും വിധിച്ചു. 17 വര്‍ഷത്തെ തടവിന് ശേഷമാണ് ഇരട്ടജീവപര്യന്തം അനുഭവിക്കേണ്ടത്.
മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെ പേരില്‍ ആസൂത്രിതകൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.. 2020 മേയ് ആറിന് രാത്രി സ്വന്തംവീട്ടില്‍വെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്.