27.8 C
Kottayam
Tuesday, May 21, 2024

സാഹസികത, സംഗീതം, യാത്ര; ആദ്യ റീല്‍സ് വീഡിയോയുമായി പ്രണവ് മോഹന്‍ലാല്‍

Must read

കൊച്ചി:പ്രണവ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ തന്‍റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാം ആണ് പ്രണവ് കൂടുതലും ഉപയോഗിക്കാറ്. ഇപ്പോഴിതാ അവിടെ ആദ്യ റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ്.

ജീവിതത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെ പ്രണവിന്‍റെ ആദ്യ റീല്‍സില്‍ ഉണ്ട്. വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും ഗിറ്റാര്‍ വായനയുമൊക്കെ ആ വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് എവിടെനിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രണവ് പറഞ്ഞിട്ടില്ല. ആദ്യ റീല്‍സ് വീഡിയോ ആണെന്നു മാത്രം പറഞ്ഞിട്ടുണ്ട്. സ്പെയിന്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒരാഴ്ച മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ പ്രണവ് പങ്കുവച്ചിരുന്നു.

പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം.

പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമാണിത്. പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. അരുണിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്.

വിജയരാഘവന്‍, ജോണി ആന്‍റണി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളെയും വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസെറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week