KeralaNews

‘കുഞ്ഞിനെയും കൊണ്ടു പോവാ, ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും’ അദിതിയുടെ ഡയറിക്കുറിപ്പ്

ചെങ്ങന്നൂര്‍: ‘ഞാന്‍ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും…’ അദിതിയുടെ അവസാന ഡയറിക്കുറിപ്പുകളാണ് ഇത്. ഭര്‍ത്താവുമരിച്ച് രണ്ടുമാസം തികഞ്ഞ നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചുമാസം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അദിതിയും ജീവനൊടുക്കിയത്.

ചെങ്ങന്നൂര്‍ ആലായിലെ സ്വന്തംവീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അദിതിയുടെ ബന്ധുക്കള്‍ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃപിതാവിന്റെ മാനസികപീഡനത്തെ കുറിച്ചും അദിതിയുടെ വാക്കുകളില്‍ വ്യക്തമാണ്. ഭര്‍ത്താവ് സൂര്യന്‍ ഡി.നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ചികിത്സയില്‍ കഴിയവേയാണ് സെപ്റ്റംബര്‍ എട്ടിന് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ അസ്വഭാവികമരണത്തിനു കേസെടുത്തിരുന്നു. ഭര്‍തൃപിതാവിന്റെ മാനസികപീഡനമാണ് എല്ലാത്തിനും കാരണമെന്ന് അദിതിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഭര്‍തൃവീട്ടില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചു മരിക്കുംമുന്‍പ് അദിതി തുറന്നുപറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു.

ഭര്‍ത്താവുമരിച്ചശേഷം തനിക്കു ജോലികിട്ടാനുള്ള സാധ്യത തകര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button