പെട്ടെന്ന് ട്രെയിനിന്റെ വാതിലടഞ്ഞു, തിരിഞ്ഞു നോക്കിയപ്പോള്‍ ഒപ്പമുള്ള ആരുമില്ല; ഒറ്റയ്ക്കായിപ്പോയി
കൊച്ചി:മലയാള സിനിമയിലെ മുന്‍നിര നടിയാണ് അതിഥി രവി. നായികയായും സഹനടിയായുമെല്ലാം അതിഥി കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ലണ്ടനില്‍ വച്ചുണ്ടായൊരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് അതിഥി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ബിഗ് ബെന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് അതിഥി സംസാരിക്കുന്നത്.
ലണ്ടന്‍ എന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന സ്ഥലമാണ്. ലണ്ടനിലാണ് ബിഗ് ബെന്നിന്റെ ലൊക്കേഷന്‍ എന്നറിഞ്ഞപ്പോഴേ ലണ്ടന്‍ ബ്രിഡ്ജും ബിഗ് ബെന്‍ ക്ലോക്കും കാണണം എന്നുറപ്പിച്ചു. ബ്രിഡ്ജ് കണ്ട് അതിന് മുന്നില്‍ നിന്നൊരു ഫോട്ടോയും എടുത്ത ശേഷമാണ് സമാധാനമായത്. ഒരു മാസത്തോളം ലണ്ടനിലുണ്ടായിരുന്നു. അതിനിടെയാണ് രസകരമായ ആ സംഭവമുണ്ടാകുന്നതെന്നാണ് അതിഥി പറയുന്നത്.
താന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളല്ല. ഷൂട്ട് ബ്രേക്ക് കിട്ടിയപ്പോള്‍ ഞങ്ങള്‍ കുറച്ചു പേര്‍ സ്ഥലങ്ങള്‍ കണ്ടുവരാമെന്ന് പറഞ്ഞിറങ്ങി. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ആണ് യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ലോകത്തിലെ പഴക്കം ചെന്ന മെട്രോകളില്‍ ഒന്നാണ് ലണ്ടന്‍ ട്യൂബുകള്‍. ആ യാത്രാനുഭവം അറിയണമെന്ന് തോന്നിയെന്നാണ് അതിഥി പറയുന്നത്. എന്നാല്‍ തനിക്ക് ഓക്‌സ്ഫഡ് സ്ട്രീറ്റ് എന്ന സ്ഥലത്തേക്കാണ് പോകേണ്ട് എന്ന് മാത്രമായിരുന്നു അറിയുമായിരുന്നുവെന്നതും അതിഥി പറയുന്നു.
ട്രെയിന്‍ വന്നു. ഞാന്‍ ഉള്ളിലേക്ക് കയറി. പെട്ടെന്ന് വാതിലുകളടഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന ആരുമില്ല. ശരിക്കും ഞങ്ങള്‍ പോകാന്‍ ഉദ്ദേശിച്ചിരുന്ന ട്രെയിന്‍ അതായിരുന്നില്ലെന്നും അതിഥി പറയുന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഫോണില്‍ നെറ്റ് വര്‍ക്കുമില്ലായിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങിക്കോളൂവെന്നായിരുന്നു ട്രെയിനിലുണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ ഓക്‌സ്ഫഡ് സ്ട്രീറ്റില്‍ ഇറങ്ങിയാല്‍ മതിയെന്ന് തന്റെ മനസ് പറയുകയായിരുന്നു എന്നാണ് അതിഥി പറയുന്നത്.
എപ്പോഴായാലും ഒപ്പമുള്ളവര്‍ അവിടേക്ക് വരുമല്ലോ എന്നായിരുന്നു അതിഥിയുടെ ചിന്ത. അവിടെ എത്തിയപ്പോള്‍ പോലീസ് ഓഫീസറോട് നടന്നത് പറഞ്ഞു. അദ്ദേഹം പുറത്തേക്കിറങ്ങാന്‍ സഹായിച്ചു. പുറത്തിറങ്ങി അവിടെ ചുറ്റി നടന്നു. കുറച്ച് സമയം കഴിഞ്ഞ് കൂടെ ഉണ്ടായിരുന്നവര്‍ എത്തിയെന്നും അതിഥി പറയുന്നു. അതേസമയം ഇതോടെ താന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് അതിഥി പറയുന്നത്. ആരേയും അറിയാത്തൊരിടത്ത് ഒറ്റയ്ക്ക് കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ സാധിച്ചുവല്ലോ എന്ന ആത്മവിശ്വാസമായിരുന്നു തനിക്കന്നാണ് താരം പറയുന്നത്.
താന്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചും അതിഥി സംസാരിക്കുന്നുണ്ട്. വാരാണസിയും നേപ്പാളും ചൈനയുമാണ് അതിഥിയുടെ ബക്കറ്റ് ലിസ്റ്റിലുള്ള ആദ്യ സ്ഥലങ്ങള്‍. ഇന്ത്യ മുഴുവന്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട് അതിഥി. കടല്‍ത്തീരങ്ങളും പര്‍വതങ്ങളും തനിക്ക് തെറാപ്പി പോലെയാണെന്നാണ് അതിഥി പറയുന്നത്.
അതേസമയം ഹണ്ട് ആണ് അതിഥിയുടെ അണിയറയിലുള്ള സിനിമകൡലൊന്ന്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക ഭാവനയാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് താനും ഭാവനയും ഒരുമിച്ച് അഭിനയിക്കുന്നതെന്നാണ് അതിഥി പറയുന്നത്. തമിഴിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു വരികയാണെന്നാണ് താരം പറയുന്നത്. ബിഗ് ബെന്‍ ആണ് അതിഥിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.