എഡിജിപി അജിത്കുമാറിന് വിശിഷ്ടസേവാമെഡലിന് ശുപാർശ; ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ട്

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിന് വിശിഷ്ടസേവാമെഡലിന് ശുപാര്‍ശ. ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത്കുമാറിന് വിശിഷ്ടസേവാമെഡല്‍ നല്‍കണമെന്ന ശുപാര്‍ശ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.

തൃശ്ശൂര്‍പൂരം കലക്കല്‍, പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. ഈ ഘട്ടത്തിലാണ് വിശിഷ്ടസേവനത്തിനുള്ള മെഡലിനുള്ള ശുപാര്‍ശ ഡിജിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരിക്കുന്ന ശുപാര്‍ശ പരിശോധനയ്ക്കുശേഷം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിടുകയാണ് ചെയ്യുന്നത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം നേരത്തെ അജിത്കുമാറിന് വേണ്ടിയുള്ള ശുപാര്‍ശ തള്ളിയത്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് എഡിജിപി പി.വിജയനുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാം എന്ന മുഖ്യമന്ത്രിയിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ആ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല.

ഡിജിപി സ്ഥാനത്തേക്ക് എം.ആര്‍. അജിത്കുമാറിനെ പരിഗണിച്ചേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആറുപേരുടെ പട്ടികയില്‍ എം.ആര്‍. അജിത്കുമാറിന്റെ പേരും ആറാമതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഈ വിഷയത്തിലും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News