പട്‌ന: ട്രെയിൻ അപകടത്തിൽ മരിച്ചെന്നു കരുതി സംസ്‌കരിക്കുകയും സർക്കാരിൽനിന്ന് നാല് ലക്ഷം രൂപ സഹായധനം നൽകുകയും ചെയ്ത സംഭവത്തിൽ 70 ദിവസത്തിനു ശേഷം പതിനേഴുകാരൻ വീട്ടിൽ തിരിച്ചെത്തി. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് സംഭവം. ഫെബ്രുവരി എട്ടിനാണ് യുവാവിനെ കാണാതാവുന്നത്. 18 ദിവസത്തിനു ശേഷം അല്ലാൽപട്ടിയിലെ റെയിൽവെ ട്രാക്കിനുസമീപം ചില ശരീരഭാഗങ്ങൾ കണ്ടെത്തി. ഇതു യുവാവിന്റെതോണെന്ന അനുമാനത്തിൽ അധികൃതർ കുടുംബത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
ശരീരം തിരിച്ചറിയുന്നത് പ്രയാസമായതിനാലും ശരീരഭാഗങ്ങൾ യുവാവിന്റേതാണെന്ന് സക്ഷ്യപ്പെടുത്തിയതിനാലുമാണ് കുടുംബത്തിനു വിട്ടുനൽകിയതെന്ന് ദർഭംഗ പോലീസ് മേധാവി അമിത് കുമാർ പറഞ്ഞു. ട്രെയിൻ ഇടിച്ചാണ് യുവാവ് മരിച്ചതെന്നു കരുതിയതിനാൽ സർക്കാർ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം നൽകുകയും ചെയ്തു.
എന്നാൽ, ഏപ്രിൽ 19-ന് ദർഭംഗ ജില്ലാ കോടതിയിൽ ഹാജരായ യുവാവ് തന്നെ ചിലർ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് അറിയിച്ചു. മൂന്നുനാല് അപരിചിതർ ചേർന്ന് വായിൽ തുണി തിരുകിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് ഓർമ്മയില്ലെന്നും ഇയാൾ കോടതിയോടു പറഞ്ഞു. നേപ്പാളിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് പിന്നീട് മനസ്സിലായതായി ഇയാൾ പറഞ്ഞു.
ദിവസങ്ങൾക്കു ശേഷം ഇവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട ഇയാൾ സഹോദരനെ വീഡിയോകോൾ ചെയ്യുകയും താൻ ജീവനോടെ ഇരിക്കുന്നുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. നേപ്പാളിലെത്തിയ സഹോദരൻ ഇയാളെ പിന്നീട് നാട്ടിലെത്തിച്ചു. എന്നാൽ പോലീസിൽ ഹാജരാവാതെ ഇയാൾ നേരിട്ട് കോടതിയിൽ എത്തി മൊഴി നൽകുകയായിരുന്നു.


