കൊച്ചികേരളത്തിലെ സർക്കാരിനെതിരെയായിരുന്നില്ല സിനിമയുടെ പരസ്യമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നതെന്നും മാറി മാറി വരുന്ന രാഷ്ട്രീയക്കാർക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ഞാൻ ആസ്വദിച്ച പരസ്യമാണത്. സിനിമ കണ്ട് കഴിയുമ്പോൾ ആ പരസ്യം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ എന്താണെന്ന് കുറച്ച് കൂടി വ്യക്തമാകും. ആളുകൾക്കും അത് റിലേറ്റ് ചെയ്യുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ കണ്ട് എനിക്കും മനസ്സിലായത്. ഈ സിനിമയിൽ കുഴി മാത്രമല്ല പ്രശ്നം. കുഴിയൊരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയിൽ സാധാരണക്കാരനെ ബാധിക്കും എന്ന് നർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി മാറി വരുന്ന രാഷ്ട്രീയക്കാർക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സിനിമയ്ക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ച് അറിയില്ല. ഇതിലെ നല്ലത് എന്താണെന്ന് കണ്ട് മനസ്സിലാക്കുക.
നമ്മള്‍ എത്ര മര്യാദയ്ക്ക് ഓടിച്ചാലും കുഴിയിൽ വീണാൽ, കൂടെ ഇരിക്കുന്നവർ പറയും മര്യാദയ്ക്ക് ഓടിക്കാൻ. അല്ലാതെ ഇത്രയും ദൂരം നന്നായി ഓടിച്ചതിനെക്കുറിച്ച് അവർ പറയില്ല. ചിത്രത്തിന്റെ കഥ വർഷങ്ങൾക്കു മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മനഃപൂർവം സംഭവിച്ചതല്ല. സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ്. ഈ സിനിമയുടെ മൂലകഥ തന്നെ തമിഴ്നാട്ടിൽ നടന്ന സംഭവമാണ്. അതും തമിഴ്നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്നം. ഇനി തമിഴ്നാട് സർക്കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ഞാനെന്നും നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആളാണ്. വിവാദങ്ങളുെട ആവശ്യമില്ലെന്നാണ് എനിക്ക് പറയാനുള്ളത്.’’–ചാക്കോച്ചൻ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപരസ്യം. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പരസ്യവാചകം.
കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് വലിയ തോതിൽ വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം ചര്‍ച്ചയായി മാറുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ ചൂടുപിടിച്ചു. ഇതോടെ റിലീസിനെത്തിയ ചിത്രത്തിന് കനത്ത സൈബർ അറ്റാക്കാണ് നേരിടുന്നത്. സിനിമയുടെ പ്രമേയവുമായി ബന്ധമുള്ളതുകൊണ്ടാണ് ഈ വാചകം ചേർത്തിരിക്കുന്ന വിശദീകരണങ്ങൾക്കൊന്നും ചെവികൊടുക്കാതെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേർത്തുവച്ച് ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനമാവുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് പോസ്റ്ററിൽ ഈ വാചകം ചേർത്തിരിക്കുന്നത്. പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെയും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിറവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്.