കൊച്ചി:ഏഷ്യാനെറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു എന്റെ മാനസപുത്രി. ശ്രീകല ശശിധരൻ, അർച്ചന സുശീലൻ, സോന നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സീരിയലിന് മികച്ച ജനപ്രീതി കൈവരിക്കാൻ കഴിഞ്ഞിരുന്നു.
തീര്‍ത്തും വിഭിന്നരായ രണ്ട് പെണ്‍കുട്ടികളുടേയും അവര്‍ക്ക് ചുറ്റുമുള്ളവരുടേയും കഥ പറഞ്ഞ സീരിയലാണ് എന്‍റെ മാനസപുത്രി. ഗ്ലോറിയ, സോഫി എന്നീ കഥാപാത്രങ്ങളുടെ സൗഹൃദത്തിലൂടെയും പിന്നീട് വന്നുചേരുന്ന ശത്രുതയിലൂടെയുമാണ് മാനസപുത്രിയുടെ കഥ വികസിക്കുന്നത്.
അർച്ചന സുശീലന് കരിയറിൽ ഏറെ ശ്രദ്ധ നേടി കൊടുത്ത വേഷങ്ങളിൽ ഒന്ന് കൂടിയായിരുന്നു എന്റെ മാനസപുത്രിയിലെ ഗ്ലോറിയ എന്ന കഥാപാത്രം. പാവം പിടിച്ച സോഫിയായി എത്തിയ ശ്രീകലയേയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാക്കി മാറ്റാൻ ഈ സീരിയലിന് കഴിഞ്ഞു.
നമിത പ്രമോദും ഈ സീരിയലിൽ ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു. മലയാള മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച കെ സുധാകരന്‍റെ പുനര്‍ജ്ജന്മം എന്ന നോവലിനെ അടിസ്ഥാനമാക്കിയിട്ടാണ് എന്‍റെ മാനസപുത്രി ഒരുക്കിയത്.
ഇന്നും ശ്രീകലയും അർച്ചന സുശീലനുമെല്ലാം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് എന്റെ മാനസപുത്രിയിലെ താരങ്ങൾ എന്ന പേരിലാണ്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബപ്രേക്ഷകരുടെ ഇടയിൽ മകളുടെ സ്ഥാനം ശ്രീകലയ്ക്ക് നേടി കൊടുത്തത് എന്റെ മാനസപുത്രി സീരിയലാണ്.
വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ശ്രീകല. അടുത്തിടെ തന്റെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ശ്രീകല സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിത ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടിയിൽ പങ്കെടുക്കാനെത്തി തന്റെ ജീവിതത്തിലെ മധുരമുള്ളതും കയ്പ്പേറിയതുമായ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീകല ശശിധകരൻ.
‘എന്റെ മാനസപുത്രി സീരിയലാണ് എന്നെ മറ്റുള്ളവർ അറിയാൻ കാരണമായത്. കരിയറിൽ ബ്രേക്കായത്. അമ്മയുടെ മരണത്തിന് ശേഷം വലിയ രീതിയിൽ വിഷാദത്തിലേക്ക് പോയി. മെന്റലി ആകെ തകർന്നുപോയ അവസ്ഥയായിരുന്നു.’
‘കാൻസറായിരുന്നു അമ്മയ്ക്ക്. മരിക്കുന്നവരെ അമ്മയ്ക്ക് അറിയില്ലായിരുന്നു കാൻസറുണ്ടെന്ന വിവരം. അമ്മ വയ്യാതിരിക്കുന്ന സമയങ്ങളിൽ ഞാൻ അരികിൽ ചെന്നിരുന്ന് എന്റെ ശാരീരികമായ ബുദ്ധിമുട്ടുകളെ കുറിച്ച് പറയുമ്പോൾ വയ്യാത്ത അവസ്ഥയിലും തടവിതരാമെന്ന് അമ്മ പറയുമായിരുന്നു.’
‘അങ്ങനെ ഇനിയൊരാളും പറയില്ല. ചെയ്ത് തരേണ്ടെന്ന് പറഞ്ഞാലും വയ്യാത്ത അവസ്ഥയിലും അമ്മ തനിക്ക് കഴിയും വിധം ചെയ്ത് തരുമായിരുന്നു. അതുപോലെ തന്നെ ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഗർഭിണിയായി.’
‘ആ സമയത്ത് ആ സീരിയൽ പോപ്പുലറായി വരികയായിരുന്നു. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സംവിധായകനും അണിയറപ്രവർത്തകരും കുഞ്ഞിനെ അബോർഷൻ ചെയ്യാൻ നിർദേശിച്ചു. അത് അന്ന് വലിയ വേദനയുണ്ടാക്കിയ സംഭവമായിരുന്നു’, ശ്രീകല പറഞ്ഞു.
കണ്ണൂരുകാരിയായ ശ്രീകല കലോത്സവ വേദികളിലെ മിന്നും താരമായിരുന്നു. അഭിനയത്തിന് പുറമെ മ്യൂസിക്കിലും വാസനയുള്ള നടിയാണ് ശ്രീകല. 2012ലാണ് ശ്രീകല സുഹൃത്ത് വിപിനെ വിവാഹം ചെയ്തത്. ആ ബന്ധത്തിൽ രണ്ട് മക്കളും ശ്രീകലയ്ക്കുണ്ട്. അടുത്തിടെയാണ് മകൾ ശ്രീകലയ്ക്ക് ജനിച്ചത്.
ഭർത്താവിനൊപ്പം ഏറെനാൾ യുകെയിലെ ഹോർഷാമിൽ താമസിക്കുകയായിരുന്ന ശ്രീകല. പിന്നീട് ഭർത്താവിന്റെ ജോലിയുടെ ഭാഗമായി തിരികെ കേരളത്തിലെത്തി. തിരുവനന്തപുരത്താണ് താരം ഇപ്പോൾ താമസിക്കുന്നത്. അടുത്തിടെ ശ്രീകലയുടെ കണ്ണൂരിലെ വീട്ടിൽ മോഷണം നടന്നത് വലിയ വാർത്തയായിരുന്നു.
ശ്രീകലയുടെ സഹോദരിയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. അച്ഛനും സഹോദരിയും പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്. വീടിന്‍റെ പിൻഭാഗത്തെ ഗ്രില്‍സിന്‍റെ പൂട്ട് പൊളിച്ചാണ് മോഷണസംഘം അകത്തെത്തിയത്. പതിനഞ്ച് പവൻ സ്വർണ്ണവും ശ്രീകലയുടെ കുടുംബത്തിന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.