KeralaNews

നടിയ്ക്ക്‌ സാക്ഷിമൊഴികൾ നൽകണം;ദിലീപിന്റെ വാദം തള്ളി, മെമ്മറികാർഡ് കേസിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതിജീവിതയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു അതിജീവിതയുടെ മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ മെയ് 30നായിരിക്കും വാദം കേൾക്കുക.

അന്വേഷണ റിപ്പോര്‍ട്ടിന് ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും അതിജീവിത നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ ഓഫീസറും കോടതി ജീവനക്കാരുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നാണ് ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിമര്‍ശനമുണ്ട്.

കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത്. രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായും കണ്ടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button