തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് (hema committee report)പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത്(parvathi thiruvoth).റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് (election)വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാർവതി തെരുവോത്ത് തുറന്നടിച്ചു.
റിപ്പോര്‍ട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടി. മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചു.
സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാൻ വയ്യാത്തത് കൊണ്ടാണ് ശബ്ദിച്ചതെന്നും പാര്‍വതി തെരുവോത്ത് പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഐഎഫ് എഫ് കെ (IFFK) വേദിയിൽ കഥാകൃത്ത് ടി പത്മനാഭൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ശ്രമിച്ചാൽ അതിന് സാധിക്കുമെന്നും അതു ചെയ്തില്ലെങ്കിൽ ഭാവികേരളം ഈ സർക്കാരിന് മാപ്പ് തരില്ലെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് സിനിമാ മേഖലയിൽ നിന്നടക്കം ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഫ് എഫ് കെ വേദിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ടി പത്മനാഭന്റെ പ്രതികരണമുണ്ടായത്. വിഷയം ചർച്ചയായതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നിയമം കൊണ്ട് വരുമെന്ന് സജി ചെറിയാനും മറുപടി നൽകി.
ഐഎഫ്എഫ് കെ വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചതിനെ അഭിനന്ദിച്ച ടി പത്മനാഭൻ, നടിയെ ആക്രമിച്ച കേസിൽ
തെറ്റ് ചെയ്തവർ എത്ര വലിയവരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രതികരിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്താൽ താരചക്രവാദികൾക്ക് അധികം കാലം വാഴാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ”ഈ വർഷത്തേത് സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന മേളയാണ്. ഉദ്ഘാടന ദിനം അപരാജിതയായ ഒരു പെൺകുട്ടിയാണ് അതിഥിയായെത്തിയത്”. പ്രദർശിപ്പിച്ചതിൽ ഏറെയും സ്ത്രീകൾ സംവിധാനം ചെയ്ത ചിത്രങ്ങളാണന്നതും അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ (Hema commission report) വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ കമ്മീഷണറുടെ (Information officer) മറുപടി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര്‍ പ്രമോദ് ചോദ്യത്തിന് മറുപടിയായി നല്‍കി.
പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായിട്ടുള്ള മൂന്നംഗ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. വ്യക്തികളെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
വ്യക്തി വിവരങ്ങള്‍ ആണ് ചോദിക്കുന്നതെന്നും വ്യക്തി വിവരങ്ങള്‍ നല്‍കാതെ മറുപടി നല്‍കാമെന്നും പരാതിക്കാരി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും പരാതിക്കാരി പറഞ്ഞു. സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ജനങ്ങള്‍ അറിയണമെന്നും പരാതിക്കാരി പറഞ്ഞു. വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് (Justice Hema Commission report) നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. (High Court) ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞു.
സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നും കമ്മീഷനു സാക്ഷികൾ നല്കിയ മൊഴിയിൽ പരാമർശമുളളവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിന് ജില്ലാ തലങ്ങളിലായി 258 നോഡല്‍ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.