ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമാഞ്ചാരോ കീഴടക്കിയ സന്തോഷം പങ്കുവെച്ച് നിവേദ തോമസ്

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കിയ സന്തോഷം പങ്കുവെച്ച് നടി നിവേദ തോമസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. കിളിമാഞ്ചാരോയുടെ മുകളില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്.

കുറച്ചു ദിവസങ്ങളായി ഞാന്‍ എവിടെയാണെന്ന് അതിശയപ്പെടുന്നവര്‍ക്കായി, ഞാന്‍ ഒരു യാത്രയിലായിരുന്നു. ബുദ്ധിമുട്ടേറിയ എന്നാല്‍ സംതൃപ്തി നല്‍കുന്ന ഒരു കൊടിമുടിയിലൂടെയുള്ള യാത്ര. ആറ് ദിവസങ്ങള്‍ക്കു ശേഷം നിങ്ങളുടെ പെണ്‍കുട്ടി ആഫ്രിക്കയുടെ മുകളിലാണ്. – നിവേദ തോമസ് കുറിച്ചു. ഞാന്‍ ഇത് സാധിച്ചു എന്ന കുറിപ്പില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

മലയാളത്തിലൂടെ സിനിമയിൽ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും സജീവമായി മാറിയ താരമാണ് നടി നിവേദ തോമസ്. മലയാളം, തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞ നിവേദ ഈ വര്‍ഷം നിരവധി തെലുങ്ക് ചിത്രങ്ങളിലാണ് നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുമുണ്ട്.

2008ല്‍ ജയറാം, ഗോപിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് കുരുവി, മധ്യവേനൽ, പ്രണയം എന്നീ സിനിമകളിൽ ബാലതാരമായെത്തി.

പിന്നീട് നായിക നിരയിലേക്ക് നിവേദ ഉയരുകയായിരുന്നു. ചാപ്പാക്കുരിശ്, തട്ടത്തിൽ മറയത്ത്, റോമൻസ്, മണിരത്നം തുടങ്ങിയ സിനിമകളിൽ പിന്നീട് മലയാളത്തിൽ അഭിനയിച്ചു. ശേഷം തമിഴിലും തെലുങ്കിലുമാണ് തിളങ്ങിയത്. പോരാളി, നവീന സരസ്വതി സബതം, ജില്ല, പാപനാസം, ജെൻറിൽമാൻ, നിന്നു കോറി, ജയ് ലവ കുശ, ജൂലിയറ്റ് ലവർ ഓഫ് ഇഡിയറ്റ്, 118, ദർബാർ, വി തുടങ്ങിയ സിനിമകളിൽ തിളങ്ങി. മീറ്റ് ക്യൂട്ട്, ശാകിനി ദാകിനി എന്നിവയാണ് പുതിയ ചിത്രങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News