33.4 C
Kottayam
Sunday, May 5, 2024

‘റിയാസിനോട് സ്‌നേഹവും ആദരവും’; യുവമന്ത്രിയില്‍ ഇടതുമുന്നണിക്ക് അഭിമാനിക്കാമെന്ന് മല്ലിക സുകുമാരന്‍

Must read

കൊച്ചി:കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിലപാടിനെ പിന്തുണച്ച് നടി മല്ലികാ സുകുമാരന്‍. ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാമെന്നായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം. ഇങ്ങനെയുള്ള ഭരണാധികാരികളോട് അഭിമാനം തോന്നുന്നതെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

താനൊരു രാഷ്ട്രീയ പ്രവര്‍ത്തകയല്ലെന്നും എന്നാല്‍ നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ തന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്‌നേഹവും ആദരവും ഉണ്ടാകുന്നതെന്നായിരുന്നു മല്ലിക സുകുമാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

മല്ലികാ സുകുമാരന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല..നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക…. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്‌നേഹവും ആദരവും … ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം…. അഭിനന്ദനങ്ങള്‍ ശ്രീ.മൊഹമ്മദ് റിയാസ്…

കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന നിപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി മുഹമ്മദ് റിയാസ് ഇന്നും രംഗത്തെത്തിയിരുന്നു. ‘എംഎല്‍എമാര്‍ക്ക് ഏതൊരു വിഷയത്തിലും മന്ത്രിയെ കാണാം. ആ നിലപാട് എടുക്കുന്നൊരാളാണ് ഞാന്‍. ഇടതുപക്ഷത്തിന്റെ സമീപനം അതാണ്. സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത എംഎല്‍എ വരേണ്ടതില്ല.’, എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.

പരാമര്‍ശത്തില്‍ തനിക്കെതിരെ എഎന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിമര്‍ശനം ഉയര്‍ത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും റിയാസ് തള്ളിയിരുന്നു. ‘ഖേദം പ്രകടിപ്പിച്ചു എന്നൊക്കെ വ്യാപകമായി ഒരുപോലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. എംഎല്‍എമാരുടെ യോഗത്തില്‍ അത്തരത്തില്‍ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞിട്ടുള്ള കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അത് എല്ലാ കരാറുകാര്‍ക്കുമെതിരെയല്ല, കരാറുകാരുടെ പ്രശ്‌നത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കരാറുകാര്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് വന്നു പറയാം. അല്ലാത്ത പ്രവണതയാണ് ചൂണ്ടികാട്ടിയത്. പറഞ്ഞതില്‍ നിന്നും ഒരടി പിന്നോട്ട് പോകില്ല. ഉറച്ച് നില്‍ക്കും.’ എന്നായിരുന്നു റിയാസിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week