കൊച്ചി:ജോസഫ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മാധുരി ബ്രഗൻസ. മലയാളിയല്ലെങ്കിലും ഈ സിനിമയിലൂടെ നടി മലയാളി പ്രേക്ഷകർക്ക് സുപരിചതയായി. ജോജു ജോർജ് നായകനായെത്തിയ ജോസഫ് വലിയ വിജയമായിരുന്നു നേടിയത്. സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും ജോജുവിന് ലഭിച്ചു.
എം പത്മകുമാർ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. 2018 ലാണ് സിനിമ പുറത്തിറങ്ങിയത്, ജോജുവിനും മാധുരിക്കും പുറമെ ദിലീഷ് പോത്തൻ, ഇർഷാദ്, ആത്മിയ, ജോണി ആന്റണി, മാളവിക മേനോൻ, തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി മാധുരി. ചാർളി എന്ന സിനിമയിൽ നിന്നും നായികാ സ്ഥാനത്ത് നിന്നും മാറ്റിയ ശേഷമാണ് ഈ സിനിമയിലേക്കെത്തിയതെന്ന് മാധുരി പറയുന്നു. സമയം മലയാളത്തോടാണ് പ്രതികരണം. ദുൽഖർ സൽമാൻ നായകനായ ചാർളിയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു ജോജു ജോർജ്. ഈ പരിചയം വെച്ചാണ് മാധുരിയെ ജോസഫിലേക്ക് വിളിക്കുന്നത്.
‘ജോജു ചേട്ടൻ ചാർളിയുടെ പ്രൊഡക്ഷന്റെ ഭാഗം ആയിരുന്നു. പാർവതിയുടെ റോൾ ഞാനായിരുന്നു ചെയ്യാനിരുന്നത്. എല്ലാം തുടങ്ങി. ഞാൻ 9 സീനുകൾ ഞാൻ പഠിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി. പക്ഷെ അത് നടന്നില്ല. അവർ എന്നെ തിരിച്ചയച്ചു. ഡേറ്റ് മാറ്റമാണ് അവർ പറഞ്ഞത്. എന്തിനാണ് അവർ തിരിച്ചയച്ചത് എന്ന് എനിക്ക് അറിയില്ല. പാർവതിയാണ് അഭിനയിക്കുന്നതെന്ന് പിന്നീടറിഞ്ഞു’
‘കുഴപ്പമില്ലെന്ന് ഞാൻ കരുതി. രണ്ട് വർഷത്തിന് ശേഷം ജോജു എന്നെ വിളിച്ചു. ജോസഫ് എന്ന സിനിമ ചെയ്യുന്നുണ്ട്. ഒരു റോൾ ചെയ്യുമോ എന്ന് ചോദിച്ചു. ഞാനില്ല അവർ തിരച്ചയും എന്ന് ഞാൻ പറഞ്ഞു. അങ്ങനെയുണ്ടാവില്ല, ക്ഷമിക്കണം എന്ന് പറഞ്ഞു. ഞാൻ ഓക്കെ പറഞ്ഞു. അവർ എന്നെ ഓഡിഷന് വിളിച്ചു. ഓക്കെ ആയി. നാലോ അഞ്ചോ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു’
‘ജോജു വളരെ നല്ല ആളാണ്. മലയാളം പറയാൻ എന്നെ സഹായിച്ചു. സിനിമയിലെ ഇന്റിമേറ്റ് സീൻ പൊതുസ്ഥലത്ത് ആയിരുന്നു. ഒരു കനാലിൽ. ഒരുപാട് ആളുകൾ വന്ന് എന്താണ് നടക്കുന്നതെന്ന് നോക്കുമായിരുന്നു. കുറച്ച് അൺകംഫർട്ടബിൾ ആയിരുന്നു. എല്ലാവരും മാറ് എന്ന് പപ്പേട്ടൻ (സംവിധായകൻ) പറയുന്നുണ്ടായിരുന്നു. നൂറോളം പേരെ അദ്ദേഹം മാറ്റി,’ മാധുരി പറഞ്ഞു.
സിനിമയിൽ അഭിനയിച്ചത് നല്ല ഓർമ്മകളാണ് സമ്മാനിച്ചതെന്നും മാധുരി പറഞ്ഞു. വരാൽ ആണ് നടിയുടെ പുതിയ സിനിമ. ചിത്രത്തിൽ അനൂപ് മേനോൻ ആണ് നായകൻ. രാഷ്ട്രീയ കഥാപശ്ചാത്തലമുള്ള സിനിമയാണ് വരാൽ. പ്രകാശ് രാജ്, പ്രിയങ്ക നായർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു.