32.8 C
Kottayam
Friday, May 3, 2024

നടി കങ്കണ രാഷ്ട്രീയത്തിലേക്ക്,മത്സരിയ്ക്കാന്‍ ആഗ്രഹം,പ്രതികരിച്ച് ബി.ജെ.പി അധ്യക്ഷന്‍

Must read

ന്യൂഡല്‍ഹി: 2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണാ റണാവത്ത്  കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ. ആജ് തക് ചാനലില്‍ നടന്ന പരിപാടിയിലാണ് ആ​ഗ്രഹം തുറന്നുപറഞ്ഞത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആ​ഗ്രഹം. ജനം ആ​ഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നൽകുകയും ചെയ്താൽ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത് എത്തി. അജ്തക് ചാനലിന്‍റെ ഒരു പരിപാടിയിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പ്രതികരിച്ചത്. ഒരു ചോദ്യത്തിന് മറുപടിയായി ബോളിവുഡ് നടിയായ കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും ജെപി നദ്ദ പ്രതികരിച്ചു.

അധികം വൈകാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം കങ്കണ നൽകിയത്. എല്ലാ തരം ജനവിഭാ​ഗങ്ങളോടും തുറന്ന സമീപനമാണ് തനിക്കുള്ളതെന്നായിരുന്നു രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് കങ്കണ മറുപടി നൽകിയത്. ഹിമാചൽ പ്രദേശിലെ ആളുകൾ അവരെ സേവിക്കാൻ തനിക്ക് അവസരം നൽകിയാൽ മികച്ചതായിരിക്കും. 

അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രി മോദിയെയും കങ്കണ പുകഴ്ത്തി. മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും 2024ൽ മോദിയും രാഹുൽ ​ഗാന്ധിയുമായിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും അവർ വ്യക്തമാക്കി. 

ഹിമാചലിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും കങ്കണ വാചാലയായി. ആം ആദ്മി പാർട്ടിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ പ്രദേശിലെ ജനം വീഴില്ലെന്നും ഹിമാചലിലെ ജനങ്ങൾക്ക് സൗരോർജ്ജമുണ്ടെന്നും ആളുകൾ അവർക്കുവേണ്ട പച്ചക്കറികൾ സ്വയം വിളയിക്കുന്നവരാണെന്നും എഎപിക്ക് സൗജന്യ വാ​ഗ്ദാനങ്ങൾ വിലപ്പോവില്ലെന്നും കങ്കണ പറഞ്ഞു. 

എമർജെൻസി എന്ന ചിത്രമാണ് കങ്കണയുടേതായി വരാനിരിക്കുന്ന സിനിമ. ഇന്ദിരാ​ഗാന്ധിയായാണ് താരം വേഷമിടുന്നത്. അനുപം ഖേർ, സതീഷ് കൗശിക്, ശ്രേയസ് തൽപാഡെ, മിലിന്ദ് സോമൻ എന്നിവരും അവരുടെ ചിത്രത്തിലുണ്ട്. തേജസ് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week