കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി ക്രഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. ദുബായില്‍ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൈമാറിയത്. വിജയ് ബാബുവിനായി യുവനടി രണ്ട് ക്രഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
വിജയ് ബാബുവിന്റെ സിനിമ നിര്‍മാണ കന്പനിയായ ഫ്രൈഡേ ഫിലിംസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നടിയാണ് കാര്‍ഡുകള്‍ കൈമാറിയത്. ദുബൈയില്‍ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറാന്‍ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിലായിരുന്ന നടി നെടുമ്പാശ്ശേരി വഴി ദുബൈയിലെത്തിയാണ് കാര്‍ഡുകള്‍ കൈമാറിയതെന്നാണ് വിവരം.
കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്റെ നീക്കം. അതുവരെ കഴിയാനുള്ള പണത്തിന് വേണ്ടിയാണ് സഹായം തേടിയത്. യുവനടിയെ കൂടാതെ മറ്റു ചിലരും ഒളിവിലുള്ള വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
ഇതിനിടെ വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുള്ള തുടര്‍നടപടികള്‍ കൊച്ചിയില്‍ ചേരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്യും. റെഡ് കോര്‍ണ്‍ര്‍ നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് ശ്രമം.
ബലാത്സംഗ കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടര്‍ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാരിനോരാഞ്ഞിരുന്നു. നിയമത്തിന്റെ മുന്നില്‍ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
അതേസമയം വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകള്‍ സമര്‍പ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറായത്. ഈ മാസം 30 നുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.
ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്‌സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
എന്നാല്‍, വിജയ് ബാബു പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ചു. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്‌ളിനിക്കില്‍ നടി ഏപ്രില്‍ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രില്‍ 14 നു നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ദുബായ് സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസയ്ക്കു വേണ്ടി പേപ്പറുകള്‍ ശരിയാക്കാനാണ് ഏപ്രില്‍ 24 ന് താന്‍ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.