ലുലു മാളില്‍ അപമാനിച്ച സംഭവം: പ്രതികളോട് ക്ഷമിച്ചതായി യുവനടി, പോലീസിനും മാധ്യമങ്ങൾക്കും നന്ദി

കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെ കീഴടങ്ങാൻ |ശ്രമിക്കുന്നതിനിടെ കൊച്ചി കുസാറ്റ് ജംഗ്ഷനിൽ വെച്ച് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

ഇന്ന് രാവിലെ സ്വയം ന്യായീകരിക്കുന്ന വീഡിയോ പുറത്ത് വിട്ട് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കീഴടങ്ങുന്നതാണ് നല്ലതെന്ന് പ്രതികളായ റംഷാദിനും ആദിലിനും നിയമോപദേശം ലഭിക്കുകയായിരുന്നു. ഇതിനിടെ ബോധപൂർവ്വം അപമാനിച്ചിട്ടില്ലെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നുമുള്ള പ്രതികളുടെ വാദം മുഖവിലക്കെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കി. മറ്റന്നാൾ കൊച്ചിയിലെത്തുന്ന നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News