KeralaNews

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരെ നടി ദിവ്യ ഉഷ ഗോപിനാഥ്

കൊച്ചി: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ സുനില്‍കുമാറിനെതിരെ നടി ദിവ്യ ഉഷ ഗോപിനാഥ്. ഇതേ അധ്യാപകനില്‍ നിന്നു തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചാണ് നടി ദിവ്യ ഉഷ ഗോപിനാഥ് രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ അധ്യാപക ദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വാട്സ്ആപ്പില്‍ സന്ദേശം അയച്ചപ്പോഴായിരുന്നു സുനില്‍ കുമാര്‍ മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്ന് ദിവ്യ ഉഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു ദിവ്യ ഗോപിനാഥിന്റെ കുറിപ്പ്.

അധ്യാപകനില്‍ നിന്നും അതിക്രമം നേരിട്ട പെണ്‍കുട്ടിക്കൊപ്പം നിലകൊള്ളുന്നെന്നും എന്തൊക്കെ വന്നാലും തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന ആ അധ്യാപകന്റെ ധൈര്യമാണ് ഇന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു നിന്ന് തകര്‍ത്തെറിഞ്ഞതെന്നും ദിവ്യ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഒരു അധ്യാപക ദിനാശംസകള്‍ കൊടുത്തതാണ്. അധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ… എന്റെ റിസേര്‍ച്ച് ഗൈഡുമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറിക്ക്.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം ലൈസന്‍സ്.

സത്യം ആരുടെ വശത്താണെന്നും ആരുടെ ഒപ്പം നില്‍ക്കണമെന്ന് ആരും പ്രത്യേകം ബോധ്യപ്പെടുത്തി തരണമെന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. മനസ്സിലാക്കാലൊക്കെ നേരത്തെ ആക്കിയിട്ടുള്ളതുമാണ്. നിസ്സംശയം എന്നും അവളോടൊപ്പം തന്നെ ഉറച്ചു നിലകൊള്ളും.

NB :- let me c what’s going to happen.

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ. അതാണ് ഇന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു നിന്ന് തകര്‍ത്തെറിയുന്നത്. Solidarity with all of you’ , ദിവ്യ ഗോപിനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ എസ്. സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അധ്യാപകന് ക്യാമ്പസില്‍ പ്രവേശിക്കുന്നതിനും വിലക്കിയിട്ടുണ്ട്.

സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ എസ്. സുനില്‍കുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാല്‍സംഗ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഓറിയന്റേഷന്‍ ക്ലാസിനിടെ താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ പരാതിക്കാരിയായ കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

ഇതിനുപിന്നാലെ പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി എത്തിയ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

അതേസമയം, ആരോപണവിധേയനായ എസ് സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും വരെ പഠിപ്പുമുടക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയോട് സ്റ്റേഷന്‍ എസ്.ഐ മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.

https://www.facebook.com/divya.gopinath.5872/posts/3213476855642258
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button