കൊച്ചി:മലയാള സിനിമയിൽ മാത്രമല്ല ടെലിവിഷൻ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ദിവ്യ പിള്ള. മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ദിവ്യ പിള്ള. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും സിനിമയിലേയ്ക്കുള്ള വരവിനെ കുറിച്ചെല്ലാം പറയുകയാണ് നടി.
ഒരുപാട് സപ്പോർട്ട് ചെയ്യുന്ന സഹതാരമാണ് ധ്യാൻ ശ്രീനിവാസൻ എന്ന് പറയുകയാണ് നടി. രണ്ട് സിനിമകളിൽ ധ്യാനിനൊപ്പം അഭിനയിച്ച ദിവ്യ ലൊക്കേഷനിൽ ധ്യാൻ തന്നെ സപ്പോർട്ട് ചെയ്തതിനെ കുറിച്ചും പറഞ്ഞു. ജയിലറിന്റെ സെറ്റിൽ വച്ച് എനിക്കൊരു ഇമോഷണൽ സീൻ ചെയ്യാനുണ്ടായിരുന്നു. അന്ന് ഞാൻ പേഴ്‌സണലി ഭയങ്കര ഡൗണായ ദിവസം കൂടെയായിരുന്നു.
ഇമോഷണൽ സീനിൽ ഗ്ലിസറിൻ ഇട്ട് അഭിനയിക്കുന്നത് എനിക്ക് ശരിയാവില്ല. അതുകൊണ്ട് കരയേണ്ട സീൻ എത്തിയപ്പോൾ ഞാൻ നാച്വറലായി കരയാം ഗ്ലിസറിൽ വേണ്ടെന്ന് പറഞ്ഞു. പക്ഷേ അവർക്ക് വേണ്ടിയിരുന്നത് ഒരൊറ്റതുള്ളി കണ്ണിൽ വരുന്ന സീനായിരുന്നു. എത്ര ശ്രമിച്ചിട്ടും അങ്ങനെ വരുന്നില്ല. അവസാനം ഞാൻ കൂടുതൽ ഇറിട്ടേറ്റായി. എന്തിനാ ഇത്, മതി എന്ന് പറഞ്ഞു.
എനിക്ക് വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഡിസ്‌റ്റേബ്ഡാണെന്ന് മനസ്സിലാക്കിയ ധ്യാൻ എന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. നമുക്ക് അങ്ങനെ ഓരു ഓപ്ഷനേ ഇല്ല, നമ്മൾ ആർട്ടിസ്റ്റുകളാണ്. അഭിനയിക്കാൻ പറഞ്ഞാൽ ചെയ്യണം. നിന്റെ കണ്ണിൽ നിന്ന് വീഴുന്ന ഒരു തുള്ളി കണ്ണീരിന് വേണ്ടിയാണ് ഇവിടെ ഇത്രയും പേർ കാത്തിരിയ്ക്കുന്നത്.
ആ ഷോട്ട് കഴിഞ്ഞാൽ ദിവ്യയ്ക്ക് മാത്രമല്ല, നമുക്കെല്ലാവർക്കും വീട്ടിൽ പോകാം. അവരെല്ലാം അവരുടെ ജോലിയാണ് ചെയ്യുന്നത്. ദിവ്യയും അങ്ങനെയാണ്’ എന്നൊക്കെ ധ്യാൻ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര ആശ്വാസം തോന്നി. അപ്പോൾ അങ്ങനെ ഒരു സപ്പോർട്ട്ആയിരുന്നു എനിക്കാവശ്യം. ധ്യാനിന്റെ സ്ഥാനത്ത് മറ്റൊരു ആക്ടർ ആയിരുന്നുവെങ്കിൽ അവർക്ക് എന്നെ വീണ്ടും ഇറിട്ടേറ്റ് ചെയ്ത് സംസാരിക്കാമായിരുന്നു. പക്ഷേ ധ്യാൻ വളരെ പക്വതയോടെ കാര്യങ്ങൾ പറഞ്ഞു തന്നു.
എല്ലാവരും കാണുന്നത് പോലെ തന്നെ എപ്പോഴും ചിരിച്ച് കളിച്ച് എന്റർടൈൻ ചെയ്യിപ്പിക്കുന്ന ആളാണ് ധ്യാൻ. എന്നാൽ ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ വേറൊരു ധ്യാനാണ്. അദ്ദേഹത്തിന് സിനിമയുടെ ടെക്‌നിക്കൽ വശമെല്ലാം നന്നായി അറിയാം. എന്തിന് ഏതൊക്കെ ചെയ്യുന്നു എന്ന് കൃത്യമായി മനസ്സിലാക്കയാണ് ചെയ്യുന്നത്. ചുറ്റും നടക്കുന്നതിനെ എല്ലാം നന്നായി നിരീക്ഷിക്കുകയും ചെയ്യും എന്നും ദിവ്യ പിള്ള പറയുന്നു.
അതേസമയം, തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ഡേറ്റിംഗിനെക്കുറിച്ചുമൊക്കെ ദിവ്യ പിള്ള പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നുവെന്ന് ദിവ്യ പിള്ള വെളിപ്പെടുത്തി. ‘മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങ് ഞങ്ങൾ റജിസ്റ്റർ ചെയ്തിരുന്നില്ല.
ഞങ്ങൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞു. ഞാൻ ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും തമ്മിൽ ഒത്തുപോകാൻ പറ്റില്ലെന്നു മനസിലായപ്പോൾ പിരിയുകയായിരുന്നു.
നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹമോചനത്തിന്റെ നൂലാമാലകൾ ഉണ്ടായിരുന്നില്ല. നിങ്ങൾ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നൽകണമെന്ന് എനിക്ക് ആശയക്കുഴപ്പമാണ്. ചുരുക്കത്തിൽ ഞാൻ ദീർഘകാലമായി ഒരു ബന്ധത്തിലായിരുന്നു. അത് അവസാനിച്ചുവെന്നാണ് നടി പറഞ്ഞത്.