കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ തന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ കോടതിക്ക് അതൃപ്തി. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവരുന്ന വിവാദങ്ങളിലേക്കു സ്വന്തം കുടുംബാംഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി വിചാരണക്കോടതി തുറന്ന കോടതിയിൽ തന്നെ പ്രകടിപ്പിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.
‘‘കോടതിയുടെ പിതാവും ഭർത്താവും ചർച്ചകൾക്കു വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.’’ വാദങ്ങൾക്കിടയിൽ ഒരുഘട്ടത്തിൽ വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് ഇങ്ങനെ പ്രതികരിച്ചു. വിചാരണക്കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കോടതി ജീവനക്കാർ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപും കൂട്ടരും സമാന്തര ജുഡീഷ്യൽ സംവിധാനം രൂപവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ വാദം നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച പ്രോസിക്യൂഷൻ ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാൽ, പ്രോസിക്യൂഷന്‍റെ പരാമർശത്തെ കോടതി അപലപിച്ചു.
അത്തരമൊരു സമാന്തര നീതിന്യായ സംവിധാനം സാധ്യമല്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്ന അത്തരം വാദങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
പണവും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറ്റൊരു പ്രധാന ആരോപണം. കൂടാതെ, കേസിലെ സാക്ഷികളായ വിപിൻ ലാൽ, ജിൻസൺ എന്നിവരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതായി പ്രോസിക്യൂഷൻ ബോധിപ്പിച്ചു. എന്നാൽ, 2020ൽ ജാമ്യം റദ്ദാക്കാൻ നൽകിയ ഹരജി തള്ളിയതിന് ശേഷം സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. 2020ൽ ശേഖരിച്ച മൊഴികളും തെളിവുകളും അല്ലാതെ പുതിയ തെളിവുകളൊന്നും പുറത്തുകൊണ്ടുവരാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
പൊലീസ് ശേഖരിച്ച ഓഡിയോ ക്ലിപ്പുകൾ പരിശോധിച്ച് തുറന്ന കോടതിയിൽ പ്ലേ ചെയ്യണം. ദിലീപിനെതിരെ തെളിവായി പ്രോസിക്യൂഷൻ അവകാശപ്പെട്ട ഓഡിയോ ക്ലിപ്പുകളിൽ ചിലത് മാധ്യമങ്ങളിൽ വന്നിട്ടുണ്ടെങ്കിലും ഇതുവരെ കോടതിയിൽ എത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് പ്രോസിക്യൂട്ടർ എന്നതിലുപരി പബ്ലിക് പ്രോസിക്യൂട്ടർ ആകണമെന്ന് കോടതി പ്രോസിക്യൂട്ടറോട് പറഞ്ഞു.
ഇപ്പോൾ ഞാനും അച്ഛനും ഭർത്താവും ചർച്ച വിഷയമാകുകയാണ്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞാണ് ഞാൻ ഇരിക്കുന്നതെന്നും കോടതി ഓർമിപ്പിച്ചു. രേഖകൾ ചോർന്നതിൽ കോടതിക്ക് പങ്കുണ്ടെന്ന് വാദമില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ദിലീപിന്റെ മുൻ ജീവനക്കാരനായ ദാസനെ പൊലീസ് ചോദ്യം ചെയ്യുന്നതിന് മുമ്പ് അഭിഭാഷകന്റെ അടുത്തേക്ക് കൊണ്ടുപോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു. എന്നാൽ, സംഭവം നടക്കുമ്പോൾ ദിലീപ് കോവിഡ് ചികിത്സയിലായിരുന്നുവെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബോട്ടിക്കിലെ മുൻ ജീവനക്കാരൻ സാഗർ വിൻസന്‍റിനെ സ്വാധീനിച്ചതിന് മറ്റ് തെളിവുകൾ കൈവശമുണ്ടെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു. ദിലീപ് സ്വാധീനിച്ച മറ്റ് രണ്ട് സാക്ഷികൾ ശരത് ബാബുവും ഡോക്ടർ ഹൈദരാലിയുമാണെന്ന് പ്രോസിക്യൂഷൻ പറയുന്നു. വിചാരണക്ക് ഹാജരാകുന്നതിന് മുമ്പ് പ്രോസിക്യൂഷൻ സാക്ഷികളെ പ്രതിഭാഗം അഭിഭാഷകർ പഠിപ്പിക്കുന്നത് അസാധാരണമാണെന്നും ഇക്കാര്യത്തിൽ തെളിവുകളുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ കുമാർ പറഞ്ഞു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും തെളിയിക്കാൻ ശേഖരിച്ച തെളിവുകൾ ഉടൻ സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിച്ച ശേഷം ഹരജിയിൽ വാദം നടത്താമെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. കേസ് വീണ്ടും ഈമാസം 19ന് പരിഗണിക്കും.