കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും. ശനിയാഴ്ച കൊച്ചിയിൽ എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തെന്നാണ് സൂചന.
പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിനായി ദിലീപിന് നോട്ടീസ് നൽകും. പൾസർ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും യോഗത്തിൽ തീരുമാനമായെന്നാണ് പുറത്തുവരുന്ന വിവരം.
സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരേ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. ഇതിനായി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. 20-ാം തീയതിക്കകം കേസിന്റെ റിപ്പോർട്ട് കൈമാറേണ്ടതിനാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ശനിയാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ചോദ്യംചെയ്യലും മൊഴിയെടുക്കലുമെല്ലാം അടുത്തദിവസങ്ങളിൽ തന്നെ ഉണ്ടായേക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കോടതി നിർദേശമനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം സത്യസന്ധമായി നടക്കും. അതെല്ലാം വഴിയെ അറിയിക്കാം. കോടതി നിർദേശം അനുസരിച്ച് കാര്യങ്ങൾ ചെയ്യും. ഇപ്പോൾ ഒന്നും പറയാനില്ല. അന്വേഷണപുരോഗതിക്കനുസരിച്ച് വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.