നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ തുടരന്വേഷണത്തിന് പോലീസ്; കോടതിയുടെ അനുമതി തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ തുടരന്വേഷണത്തിന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിനുള്ള നീക്കം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

ദിലീപിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ ഇക്കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. തുടരന്വേഷണം നടത്തേണ്ടതിനാല്‍ കേസിന്റെ വിചാരണ നിര്‍ത്തിവെയ്ക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്.

പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസിലെ പുതിയ വിവരങ്ങളാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം.
ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്റെ അപേക്ഷയില്‍ പറയുന്നു.

അതേസമയം, പ്രോസിക്യൂഷന്റെ അപേക്ഷയില്‍ വിചാരണ കോടതിയുടെ തീരുമാനം കേസില്‍ ഏറെ നിര്‍ണായകമാകും. നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. മാത്രമല്ല, ഫെബ്രുവരിയോടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News