30.6 C
Kottayam
Tuesday, May 7, 2024

നടിയെ ആക്രമിച്ച കേസ് ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു

Must read

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസിന്റെ സ്ഥലംമാറ്റഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണാനടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ജഡ്ജിയെ സ്ഥലം മാറ്റിയത്. ഇത് വിചാരണാനടപടികളെ ബാധിക്കുമെന്ന് കണ്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചത്.

പല തവണ പ്രതികളായ ദിലീപും മറ്റും മേല്‍ക്കോടതികളിലടക്കം ഹര്‍ജി നല്‍കിയതിനാല്‍ കേസിന്റെ വിചാരണ തന്നെ രണ്ടരവര്‍ഷത്തോളം വൈകിയാണ് തുടങ്ങിയത്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹര്‍ജി നല്‍കി, കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി വര്‍ഗീസിനെ ഈ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത്.

സാധാരണ സ്ഥലംമാറ്റനടപടികള്‍ നടക്കുന്നതിനിടെയാണ് ജഡ്ജിയായ ഹണി കെ വര്‍ഗീസിനും കോഴിക്കോട്ടേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചത്. എന്നാല്‍ ഇത് കേസിന്റെ വിചാരണാനടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അടക്കം ഉണ്ടായിരുന്നു. മാത്രമല്ല, വേറെ ഒരു വനിതാജഡ്ജിയെ ഉടനെ നിയമിക്കാനും ബുദ്ധിമുട്ടാണ്. അങ്ങനെയെങ്കില്‍ കേസില്‍ വിചാരണാനടപടികള്‍ വീണ്ടും നീളും.

നിലവില്‍ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും കേസിന്റെ വിചാരണാ നടപടികള്‍ രണ്ട് മാസത്തോളം തടസ്സപ്പെട്ടിരുന്നു. നിലവില്‍ ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയില്‍ നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തി നടന്‍ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ കോടതിയില്‍ ഹാജരായിട്ടില്ല. നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റം ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരമാണ് ഇനി നടക്കാനുള്ളത്.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആറ് മാസത്തിനകം തീര്‍ക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നേരിട്ട് ഇടപെട്ട് ഈ സ്ഥലംമാറ്റഉത്തരവ് റദ്ദാക്കിയത്. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ സ്ഥലം മാറ്റഉത്തരവ് താല്‍ക്കാലികമായി റദ്ദാക്കപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week