33.4 C
Kottayam
Friday, April 26, 2024

വാട്‌സാപ്പ് പേമെന്റ് സംവിധാനത്തിന് വിലക്ക്,തിരിച്ചടി നേരിട്ട് ഫേസ്ബുക്ക്

Must read

ബ്രസീലിയ:ഏറെ പ്രതീക്ഷകളോടെ ലാറ്റിനമേരിക്കന്‍ രാജ്യത്ത് വാട്‌സ് ആപ്പ് നടപ്പിലാക്കിയ പേമെന്റ് സംവിധാനത്തിന് തിരിച്ചടി.വാട്‌സ് ആപ്പിന്‌റെ മണി എക്‌സ്‌ചേഞ്ച് സംവിധാനം ബ്രസീലിയന്‍ കേന്ദ്രബാങ്ക് നിര്‍ത്തലാക്കി.വാട്‌സ് ആപ്പ് വഴി പണം കൈമാറാനുള്ള സംവിധാനം ലോകത്താദ്യമായി ബ്രസീലിലാണ് നടപ്പിലാക്കിയത്.

ബ്രസീലിലെ ഓണ്‍ലൈന്‍ പേമെന്റ് മേഖലയിലെ മത്സരാന്തരീക്ഷം, കാര്യക്ഷമത, ഡാറ്റ സംരക്ഷണം എന്നീ കാര്യങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ പ്രശ്‌നം ഉണ്ടാക്കുന്നതാണ് വാട്ട്‌സ്ആപ്പ് പേമെന്റ് ഫീച്ചര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്ന് ബ്രസീലിയന്‍ കേന്ദ്ര ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ തന്നെ ലിബ്‌റ എന്ന പേമെന്റ് സിസ്റ്റം ആഗോളതലത്തില്‍ അവതരിപ്പിക്കാനുള്ള വാട്ട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്കിന്റെ ശ്രമത്തിന് ആഗോളതലത്തില്‍ തന്നെ തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നു. ലിബ്‌റ പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയൊന്നും ഫേസ്ബുക്കിന് ഉണ്ടാക്കാന്‍ സാധിച്ചില്ല. പല വാണിജ്യ പങ്കാളികളും പദ്ധതിയില്‍ നിന്നും പിന്‍മാറിയിരുന്നു.

ഇതേ സമയം തന്നെയാണ് വാട്ട്‌സ്ആപ്പിനെ പേമെന്റ് രീതിയിലേക്ക് മാറ്റുവാനുള്ള ശ്രമം ഫേസ്ബുക്ക് നടത്തിയത്. ഇന്ത്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ബ്രസീല്‍. ഇവിടുത്തെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 120 ദശലക്ഷമാണ്. ഇതിനാല്‍ തന്നെയാണ് ഇവിടെത്തന്നെ പുതിയ സംവിധാനം അവതരിപ്പിക്കാന്‍ വാട്ട്‌സ്ആപ്പ് ശ്രമിച്ചത്.

ഇപ്പോഴുണ്ടായ താല്‍ക്കാലിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ് എന്നാണ് അവരുടെ വക്താവ് പ്രതികരിച്ചത്. തങ്ങളുടെ പ്രദേശിക പങ്കാളികളുമായും, ബ്രസീലിയന്‍ കേന്ദ്ര ബാങ്കുമായും ആശയവിനിമയം തുടരുകയാണെന്നും വാട്‌സ് ആപ്പ് അറിയിച്ചു. ബ്രസീലിയന്‍ കേന്ദ്രബാങ്കിന്റെ അനുമതി തേടാതെയാണ് വാട്ട്‌സ്ആപ്പ് ബ്രസീലില്‍ പേമെന്റ് സംവിധാനം ആരംഭിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week