കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. ഏപ്രിൽ 15ന് തുടരന്വേഷണത്തിനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിൻ്റെ നടപടി. നടി കാവ്യ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ളതിനാൽ മൂന്ന് മാസം കൂടി സമയപരിധി നീട്ടി വാങ്ങാനാണ് അന്വേഷണസംഘം പദ്ധതിയിടുന്നത്.
കേസിൽ പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പല സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. ഇക്കാര്യവും അന്വേഷണസംഘം വിചാരണക്കോടതിയെ അറിയിക്കും.
അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയെന്ന ആരോപണത്തിൽ എഡിജിപി എസ് ശ്രീജിത്തും ഇന്ന് കോടതിയിൽ വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നല്‍കിയ വിശദീകരണവും തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതാണ് ക്രൈം ബ്രാഞ്ചിനു മുന്നിലുള്ള പ്രധാന കടമ്പ. നിലവിൽ കേസിലെ സാക്ഷി മാത്രമാണ് കാവ്യയെങ്കിലും കേസിലെ ഗൂഢാലോചനയിൽ കാവ്യയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. മുൻപ് കാവ്യയോട് ആലുവയിലെ പോലീസ് ക്ലബിൽ ഹാജരാകാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും നടി അസൗകര്യം അറിയിക്കുകയായിരുന്നു. എന്നാൽ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന നടിയുടെ നിര്‍ദേശം ക്രൈം ബ്രാഞ്ചും അംഗീകരിച്ചിട്ടില്ല. കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് കാവ്യ മുൻകൂര്‍ ജാമ്യാപേക്ഷ നൽകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹാക്കര്‍ സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. ഇന്നു രാവിലെ 11 മണിയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം.
കേസിലെ സാക്ഷികളിൽ ഒരാളായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതാണ് അന്വേഷണസംഘത്തിനു മുന്നിലുള്ള കടമ്പ. ഗൂഡാലോചനയിൽ കാവ്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ചില ശബ്ദരേഖകളും ക്രൈം ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്ന കാവ്യയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ ആലുവയിലെ വീട്ടിൽ തിരിച്ചെത്തിയിട്ടും ഇതുവരെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ആലുവയിലെ പോലീസ് ക്ലബിൽ എത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്നുമാണ് കാവ്യയുടെ ആവശ്യം.
എന്നാൽ ചില ദൃശ്യങ്ങൾ പ്രദര്‍ശിപ്പിച്ചും ശബ്ദശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. ദിലീപും കുടുംബവും താമസിക്കുന്ന പത്മസരോവരം വീട് ഇതിനു പറ്റിയ ഇടമല്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ആലുവയിലെ വീട്ടിലെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്ര കുമാറും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പകരം സാധ്യതകള്‍ തേടാൻ അന്വേഷണസംഘം തീരുമാനിച്ചു.