സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നതായി സംശയം; വിദേശത്തുള്ള നടിയുടെ മൊഴിയെടുപ്പ് ഉടനെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വിദേശത്തുള്ള നടിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

കാവ്യയെ കൂടാതെ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും കേസില്‍ ചോദ്യം ചെയ്യും. മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ പള്‍സര്‍ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുള്ളത്. കാര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് അന്വേഷണ സംഘം കത്ത് നല്‍കും.

സാങ്കേതിക തകരാര്‍ ഉള്ള കാര്‍ ദിലീപിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ ആണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 120 പേരെയാണ് സാക്ഷികളായി ഇരു കേസുകളിലായി അന്വേഷണ സംഘം ഉള്‍പ്പെടുത്തിരിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഹര്‍ജി. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടിസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‍സന്റ് .ബൈജു പൗലോസ് തന്നെ ഉപദ്രവിക്കും എന്ന് ആശങ്കയുണ്ടെന്ന് ഹര്‍ജിയില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു. തെറ്റായി മൊഴി നല്‍കാന്‍ ബൈജു പൗലോസിന്റെ ഭാഗത്തു നിന്നും സമ്മര്‍ദമുണ്ടെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന്റെ ജാമ്യാപേക്ഷയിലും ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഇന്ന് വിധി പറയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News