KeralaNews

നടിക്ക് നീതി ലഭിക്കണം; വനിതാ കമ്മീഷനുമായി ഡബ്ല്യു.സി.സി കൂടിക്കാഴ്ച

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി ചര്‍ച്ച നടത്തുന്നു. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, അഞ്ജലി മേനോന്‍, സയനോര തുടങ്ങിയവരാണ് കമ്മീഷനെ കാണുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ഗസ്റ്റഹൗസിലാണ് കൂടിക്കാഴ്ച നടത്തുന്നത്.

കേസില്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ‘അവള്‍ക്കൊപ്പം’ എന്ന ടാഗും ചേര്‍ത്താണ് ഡബ്ല്യുസി സിമുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.

അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുമെന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍, ഗവണ്‍മെന്റിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി അറിയിക്കുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വിപുലപ്പെടുത്തി. വിഐപിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതായാണ് സൂചന. കോട്ടയം സ്വദേശിയായ വ്യവസായിയുടെ ശബ്ദ പരിശോധന ഉടന്‍ രേഖപ്പെടുത്തിയേക്കും. ഇതിനിടെ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്ന വിഐപിയെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കോട്ടയത്തെ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വിഐപിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയ കാര്യം വാര്‍ത്തയാതിന് പിറകെ ആ വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശി മെഹബൂബ് രംഗത്തെത്തി.

അതിനിടെ വിചാരണക്കോടതിക്കെതിരായി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച. ഹൈക്കോടതിയാണ് വിധി പറയുക. 16 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതി നടപടികള്‍ നീതിയുക്തമാകുന്നില്ലന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹര്‍ജി നല്‍കിയിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button