ദുഃഖവും ഏകാന്തതയും നിറഞ്ഞ ഒരാഴ്ച്ച അതിജീവിച്ച് പുതുജീവിതത്തിലേക്ക്;വികാരനിർഭര പോസ്റ്റുമായി അനുശ്രീ

കൊച്ചി:യമണ്ട് നെക്‌ളേസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളി ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് അനുശ്രീ. ചുരുങ്ങിയ കാലത്തിനുള്ളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാന്‍ അനുശ്രീക്ക് കഴിഞ്ഞു. ഇപ്പോഴിതാ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ദിവസങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താന്‍ കടന്നു പോയ ഏഴു ദിവസങ്ങളെ കുറിച്ച് താരം പറയുന്നത്. ഇതിനൊപ്പം പുഞ്ചിരിച്ചുകൊണ്ട്, ക്യാമറയ്ക്ക് നേരെ റോസാപ്പൂ നീട്ടുന്ന വീഡിയോയും അനുശ്രീ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഒരുപാട് തളര്‍ച്ചകളിലൂടെ കടന്നു പോയ ഒരാഴ്ച്ചയാണിത്. ഭയം തോന്നിയ ഏഴു ദിവസങ്ങള്‍, ദുഃഖവും ഏകാന്തതയും മാത്രം നിറഞ്ഞ ഒരാഴ്ച്ച, സംശയങ്ങള്‍ ഒരുപാട് തോന്നിയ നാളുകള്‍, ഉത്കണ്ഠയ്‌ക്കൊപ്പം പ്രതീക്ഷകളും നിറഞ്ഞ ദിവസങ്ങള്‍. ഇതെല്ലാം പരിഹരിക്കപ്പെടാനായി ഞാന്‍ കാത്തിരുന്നു. പക്ഷേ അതില്‍ ഒരിക്കലും മാറ്റം സംഭവിക്കില്ലെന്ന് എനിക്കുറപ്പായി. അതുകൊണ്ട് ഞാന്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

എനിക്കായി ഒരു ലോകം തന്നെ കാത്തിരിപ്പുണ്ട്. സ്‌നേഹം നല്‍കുന്ന ഒരു കുടുംബം കാത്തിരിപ്പുണ്ട്. കൂടെ എന്നും പിന്തുണ നല്‍കുന്ന സുഹൃത്തുക്കളും. മുന്നിലുള്ളത് മനോഹരമായ ഒരു ജീവിതമാണ്. ഇന്ന് മുതല്‍ ദുഃഖം നിറഞ്ഞ നിമിഷങ്ങളിലേക്ക് ഞാന്‍ തിരിഞ്ഞുനോക്കില്ല. ഈ ദുഃഖത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്ന അവസാന നിമിഷമായിരിക്കും ഇത്. പുതിയ ജീവിതം ഇവിടെ നിന്ന് തുടങ്ങുന്നു’, അനുശ്രീ കുറിപ്പില്‍ പറയുന്നു.

ഇതിന് താഴെ താരത്തെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി ആരാധകര്‍ കമന്റ് ചെയ്തു. നിങ്ങള്‍ ദുഃഖത്തിലാണെന്ന കാര്യം നിങ്ങളുടെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമായിരുന്നെന്നും ഇപ്പോള്‍ അതെല്ലാം തരണം ചെയ്തു എന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ഒരു ആരാധകന്‍ കുറിച്ചത്.

നേരത്തെ താന്‍ കടന്നുപോയ രോഗകാലഘട്ടത്തെ കുറിച്ച് അനുശ്രീ മനസ് തുറന്നിരുന്നു. ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു അസുഖം. തോളിന്അരികിലായി എക്‌സ്ട്രാ ബോണ്‍ വളര്‍ന്നതിനെ തുടര്‍ന്ന് അതില്‍ ഞരമ്പുകള്‍ ആകെ ചുറ്റി ഞെരുങ്ങിയ അവസ്ഥയിലായിരുന്നു. ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ഒരുപാട് നാളുകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അതെല്ലാം അതീജിവിച്ചാണ് അനുശ്രീ വീണ്ടും സിനിമയിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News