NationalNews

തീസ്തയ്ക്ക് ഇടക്കാലജാമ്യം; ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം. തീസ്തയുടെ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തു.ഒരാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ജാമ്യം നൽകുന്നതിൽ സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചിൽ ഭിന്നതയുണ്ടായതിനെ തുടർന്നാണ് ഹർജി മൂന്നംഗ ബെഞ്ചിനു നൽകിയത്.

തീസ്തയ്ക്ക് ജാമ്യം നൽകണമെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അഭയ് എസ് ഓക നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഇതിനോട് വിയോജിച്ചു. ഇതോടെയാണ് ജാമ്യം തേടിയുള്ള തീസ്തയുടെ ഹർജി മൂന്നം​ഗ ബെഞ്ചിന് വിട്ടത്.

തീസ്തയ്ക്ക് കീഴടങ്ങാൻ ചൊവ്വാഴ്ച്ച വരെയെങ്കിലും സമയം നൽകണമായിരുന്നുവെന്നായിരുന്നു ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക വാക്കാൽ നിരീക്ഷിച്ചത്. സെപ്റ്റംബർ മുതൽ തീസ്ത ഇടക്കാല ജാമ്യത്തിലായിരുന്നു.

അതിനാൽ കീഴടങ്ങാൻ രണ്ടോ മൂന്നോ ദിവസം കൂടി അനുവദിച്ചിരുന്നുവെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജാമ്യം നൽകുന്ന കാര്യത്തിൽ തനിക്കും ജസ്റ്റിസ് പി.കെ മിശ്രയ്‌ക്കും ഏകാഭിപ്രായം ഇല്ലാത്തതിനാൽ ഹർജി ഉയർന്ന ബെഞ്ചിലേക്ക് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിരം ജാമ്യത്തിനായുള്ള തീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീസ്ത അടിയന്തിരമായി സുപ്രീം കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button