EntertainmentKeralaNews

‘ലാലേട്ടൻ വരുമ്പോൾ ചന്ദനത്തിന്റെ മണമാണ്… ഗന്ധർവ്വൻ വരുന്നതുപോലെ ഒരു ഫീലാണ്’; മോഹൻലാലിനെ കുറിച്ച് അന്ന രാജൻ

കൊച്ചി:ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. ലിച്ചി എന്നായിരുന്നു അന്ന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അങ്കമാലി ഡയറീസിനുശേഷം അന്നയുടെ കഥാപാത്രം അത്രയേറെ ശ്രദ്ധിക്കപ്പെട്ടതിനാൽ അന്നയുടെ യഥാർത്ഥ പേരൊക്കെ പ്രേക്ഷകർ മറന്നുപോയി.

ആ സിനിമയ്ക്കുശേഷം യഥാർത്ഥ പേരൊന്നും താരത്തെ ആരും വിളിക്കാറില്ല. എല്ലാവരും ലിച്ചി എന്നാണ് നടിയെ വിളിക്കുന്നത്. അന്നയ്ക്കും ആ പേര് ഇഷ്ടമാണ്. സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് ആലുവയിലെ രാജഗിരി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്നു അന്ന. ഇതുവരെ പതിനൊന്നോളം സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു അന്ന രാജൻ.

ആദ്യ സിനിമയ്ക്കുശേഷം അന്ന പിന്നീട് ചെയ്ത സിനിമകൾ ഏറെയും ടോപ്പ് സ്റ്റാറുകൾക്കൊപ്പമായിരുന്നു. മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദീസ, മമ്മൂട്ടി നായകനായ മധുര രാജ, ധ്യാൻ നായകനായ സച്ചിൻ, പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായ അയ്യപ്പനും കോശിയും എന്നിവയാണ് അന്ന ചെയ്ത ബി​ഗ് സ്റ്റാർ സിനിമകൾ.

ബിബിൻ ജോർജ് നായകനായ തിരുമാലിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അന്ന രാജന്റെ സിനിമ. വേറെയും സിനിമകൾ അന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അഭിനയത്തിൽ മാത്രമല്ല ഉദ്ഘാടന വേദികളിലും സജീവമാണ് സജീവമാണ് അന്ന രാജൻ. ഇതിനോടകം കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഉദ്ഘാടനങ്ങൾ ചെയ്ത് കഴിഞ്ഞു അന്ന.

മോഡലിങിലും സജീവമായ ലിച്ചി മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ്. താരം സൂപ്പർ താരങ്ങളെ കുറിച്ച് പറയുന്ന വീഡിയോ വൈറലാണ്. ‘മമ്മൂക്ക നമ്മളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ്. നമ്മൾ ഒന്നും ആരും അല്ല അദ്ദേഹത്തിന് മുമ്പിൽ. എന്നാലും അദ്ദേഹം അങ്ങനെയാണ്. ഒരിക്കൽ സെറ്റിൽ അദ്ദേഹം ഇരിക്കുകയാണ്. ഞാൻ അങ്ങോട്ടേക്ക് കയറി ചെന്നപ്പോൾ തന്നെ അദ്ദേഹം എഴുന്നേറ്റു.’

‘അത് കാണുമ്പൊൾ നമ്മൾ ഒന്ന് ഞെട്ടും. നമ്മളെ കണ്ടിട്ട് തന്നെയാണോ ഞാൻ ബാക്കിലൊക്കെ നോക്കി വേറെ ആരെങ്കിലുമുണ്ടോയെന്ന്. അത്രയും ഡൗൺ ടു എർത്തായ ആളാണ്. അയ്യോ മമ്മൂക്ക ഇരിക്കെന്ന് നമ്മൾ പറഞ്ഞുപോകും… അങ്ങനെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്ന സമയത്തും എനിക്ക് ഭയങ്കര പേടിയായിരുന്നു.’

‘എനിക്ക് ലാലേട്ടന്റെ അടുത്ത് അത്രയും പേടിയുണ്ടായിരുന്നില്ല. മമ്മുക്കയുടെ കൂടെ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ കാലിങ്ങനെ വിറച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂക്ക വന്നിട്ട് എന്റെ കൈ പിടിച്ചിരുന്നിട്ട് ഇത് ഇങ്ങനെ ചെയ്താൽ മതിയെന്ന് പറഞ്ഞു തന്നു. സിദ്ദിഖ് ഇക്കയും കൂടെയുണ്ടായിരുന്നു. അപ്പോൾ നമ്മൾ റിലാക്സ് ചെയ്യും. ഇന്നസെന്റ് ചേട്ടനും അങ്ങനെ തന്നെയാണ്.’

‘വളരെ സീരിയസായ കാര്യങ്ങളാണെങ്കിലും പറയുന്നത് അത്രയും കോമഡിയായിരിക്കും. നമ്മൾ ചിരിച്ച് ചിരിച്ച് ഒരു വഴിക്കാകും. അദ്ദേഹം എല്ലാ കാര്യങ്ങളും കോമിക്ക് രീതിയിലാണ് അവതരിപ്പിക്കുക. ഭയങ്കര വൈബ് കൊണ്ട് വരും. ലാലേട്ടനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഷൂട്ടിങ് സെറ്റിലേക്കുള്ള അദ്ദേഹത്തിന്റെ എൻട്രിയാണ് മനസിൽ നിറയുന്നത്.’

‘നമ്മൾക്ക് ഒക്കെ ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം വരുന്നത്. ലാലേട്ടൻ വരുന്നുവെന്ന് ഇങ്ങനെ അറിഞ്ഞപ്പോൾ കാത്തിരിക്കുകയാണ്. ജസ്റ്റ് ജനലിലൂടെ നോക്കുമ്പോൾ ചന്ദനത്തിന്റെ മണമാണ്. ഏതോ ഒരു ഗന്ധർവൻ വരുന്ന ഒരു ഫീലായിരുന്നു അദ്ദേഹം കയറി വന്നപ്പോൾ.’

‘നമ്മൾക്ക് വൈകുന്നേരമായിരുന്നു ഷൂട്ട്. നല്ല ടയേർഡും. പക്ഷെ അദ്ദേഹം കയറി വരുമ്പോൾ ഒരു ഭയങ്കര എനർജിയാണ് നമ്മൾക്ക് കിട്ടുക. എല്ലാരും പറഞ്ഞ് കേട്ടിട്ടുണ്ട് ലാലേട്ടൻ കയറി വരുമ്പോൾ ഒരു പോസിറ്റിവ് വൈബാണെന്ന് അത് സത്യമാണ്’, എന്നാണ് അന്ന രാജൻ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button