പ്രശാന്തുമായി അറേഞ്ച്ഡ് മാര്യേജാണ്! വിവാഹക്കാര്യം പറയാന്‍ വൈകിയതിന്റെ കാര്യമിതാണ്‌; വെളിപ്പെടുത്തി നടി ലെന

കൊച്ചി:ഏതുവേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടിയാണ് ലെന. പ്രായഭേദമന്യേ നടിയെ സ്‌നേഹിക്കുന്ന ഒരുപാട് ആരാധകരും ലെനയ്ക്കുണ്ട്. നേരത്തെ വിവാഹമോചിതയായ ലെനയിപ്പോള്‍ രണ്ടാമതും വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ വിവാഹം കഴിഞ്ഞുവെന്നും ഭര്‍ത്താവ് ആരാണെന്നും നടി വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ നടിയുടെ വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകരടക്കമുള്ളവര്‍. എന്നാല്‍ തന്റേത് പ്രണയവിവാഹമല്ലെന്നും ഇത് തികച്ചും അറേഞ്ച്ഡ് ആണെന്നും പറയുകയാണ് നടിയിപ്പോള്‍.

ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തില്‍ അംഗമാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത്. മാത്രമല്ല വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നതാണ്. കഴിഞ്ഞ ജനുവരി 17 നാണ് പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്തും ലെനയും വിവാഹിതരാവുന്നത്. വിവാഹത്തെ പറ്റി നടി പറയുന്നതിങ്ങനെയാണ്…

‘എക്കാലവും സിനിമയിലും ജീവിതത്തിലും എന്നെ എല്ലാ രീതിയിലും പിന്തുണച്ചിട്ടുള്ളത് മലയാളികളും എന്റെ പ്രേക്ഷകരുമാണ്. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് എന്നെ എന്നും കണ്ടിട്ടുള്ളത്. മീഡിയയില്‍ നിന്നടക്കം ഇത്രയധികം പോസിറ്റീവ് പ്രതികരണം കിട്ടുന്നത് എന്നും പ്രചോദനവും സന്തോഷവുമാണ്, അതിന് ഒരുപാട് നന്ദിയുണ്ടെന്നാണ് നടി പറയുന്നത്.

മാത്രമല്ല വിവാഹ വാര്‍ത്ത പുറത്തു വന്നതിന് ശേഷം നിരവധി ആളുകളാണ് വിളിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നത്. അതില്‍ വളരെ അധികം സന്തോഷമുണ്ട്. ജനങ്ങള്‍ എന്നെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയതിനു നന്ദി.

താനും പ്രശാന്തുമായിട്ടുള്ളത് അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ് ലെന പറയുന്നത്. മാത്രമല്ല വിവാഹക്കാര്യം ഇതുവരെ പറയാതിരുന്നതിന്റെ കാരണവും നടി പങ്കുവെച്ചു. ‘പ്രശാന്ത് ഗഗന്‍യാന്‍ ദൗത്യത്തിലെ പങ്കാളിയായതു കൊണ്ടാണ് വിവാഹ വാര്‍ത്ത നേരത്തേ പുറത്തു വിടാതിരുന്നത്. രാജ്യത്തിന്റെ അഭിമാന ദൗത്യത്തില്‍ അദ്ദേഹത്തിനു ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോള്‍ ജീവിതത്തില്‍ നടക്കുന്നത്.

താനിപ്പോള്‍ കൊച്ചിയില്‍ ഇല്ല. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന തന്റെ പുസ്തക പ്രകാശനം ഉടനെ ഉണ്ടാവും. ഇതിനോട് അനുബന്ധിച്ച്, വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുമെന്നും,’ ലെന വ്യക്തമാക്കി.

ചെറിയ പ്രായത്തില്‍ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ലെന. ഇതിനകം വേറിട്ട ഒട്ടനവധി കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ച് കഴിഞ്ഞു. സിനിമയിലേക്ക് എത്തിയതിനൊപ്പം തന്നെ ലെന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഭര്‍ത്താവുമായിട്ടുള്ള സൗഹൃദത്തെ പറ്റി മുന്‍പ് നടി തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇനിയൊരു വിവാഹത്തെ കുറിച്ച് യാതൊരു ചിന്തയുമില്ലെന്നാണ് ഇതുവരെ നടി പറഞ്ഞിട്ടുള്ളത്.

എന്തായാലും വിവാഹിതയായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലെനയ്ക്ക് ആശംസപ്രവാഹമാണ്. മാത്രമല്ല നടിയുടെ ഭര്‍ത്താവ് ബഹിരാകാശയാത്രയ്ക്ക് കൂടി നേതൃത്വം കൊടുക്കുന്ന ആളാണെന്നത് കൂടുതല്‍ അഭിനന്ദനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News