ചെന്നൈ: തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന പരാതിയുമായി തമിഴ് നടി അക്ഷയ ഹരിഹരൻ. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനിടെ ചെന്നൈയിലെ പോളിംഗ് ബൂത്തിൽ വെച്ചാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നതെന്ന് നടി ആരോപിച്ചു. തന്റെ പേരിൽ കള്ളവോട്ട് നടന്നുവെന്ന് അറിഞ്ഞപ്പോൾ വലിയ ആഘാതമാണ് ഉണ്ടായതെന്നും, ഇത് സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അക്ഷയ ഇക്കാര്യങ്ങൾ പറഞ്ഞത്.
ചെന്നൈയിലെ വേളച്ചേരിയിൽ താമസിക്കുന്ന അക്ഷയ, അഡയാറിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വോട്ടർ സ്ലിപ്പ് ലഭിക്കാത്തതിനെ തുടർന്ന് ഓൺലൈൻ വഴിയാണ് അവർ തന്റെ ബൂത്ത് കണ്ടെത്തിയത്. എന്നാൽ ബൂത്തിൽ എത്തി ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് തന്റെ വോട്ട് നേരത്തെ തന്നെ മറ്റൊരാൾ രേഖപ്പെടുത്തിയ വിവരം അധികൃതർ അറിയിക്കുന്നതെന്ന് അവർ പറഞ്ഞു. രേഖകളിലെ പേരും പിതാവിന്റെ പേരും കൃത്യമാണെങ്കിലും വോട്ടർ പട്ടികയിലെ ഫോട്ടോയും വിരലടയാളവും മറ്റൊരാളുടേതാണെന്ന് നടി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ അക്ഷയ രൂക്ഷമായി വിമർശിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് കൃത്യമായ പരിശോധന നടത്തേണ്ടതായിരുന്നുവെന്ന് അവർ പറഞ്ഞു. പിന്നീട് ‘ടെണ്ടർ വോട്ട്’ (Tender Vote) ചെയ്യാൻ അധികൃതർ അനുവദിച്ചെങ്കിലും ആ നടപടി സുതാര്യമല്ലെന്നും തനിക്ക് അതിൽ തൃപ്തിയില്ലെന്നും താരം വ്യക്തമാക്കി. “എനിക്ക് ഇത് അനുയോജ്യമല്ലെന്ന് തോന്നുന്നു, കാരണം അത് വെറും ഒരു കടലാസ് മാത്രമായിരുന്നു, അവർ അത് എൻ്റെ മുന്നിൽ സീൽ പോലും ചെയ്തില്ല. എൻ്റെ ചോദ്യങ്ങൾക്ക് ആർക്കും ഉത്തരമുണ്ടായിരുന്നില്ല. ഇത് വളരെ നിരാശാജനകമാണ്,” അവർ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, ഈ അനുഭവം തന്നെ സംതൃപ്തയാക്കിയില്ലെന്നും, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെ വോട്ട് ചെയ്യാത്തതിനാൽ താൻ യഥാർത്ഥത്തിൽ വോട്ട് ചെയ്തതായി തോന്നുന്നില്ലെന്നും നടി അഭിപ്രായപ്പെട്ടു.
വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും അവർ അഭ്യർത്ഥിച്ചു. തന്റെ വോട്ട് പാഴായിപ്പോകാതിരിക്കാൻ വേണ്ടിയാണ് സാധ്യമായ രീതിയിൽ ടെണ്ടർ വോട്ട് ചെയ്തതെന്നും ബാക്കിയുള്ളവർ വോട്ട് പാഴാക്കരുതെന്നും താരം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘ബ്ലഡി ബെഗ്ഗർ’, ‘സത്യ’, ‘സഭാ നായകൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെയും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളിലൂടെയും ശ്രദ്ധേയയായ താരമാണ് അക്ഷയ ഹരിഹരൻ. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്ന ഏപ്രിൽ 23-ന് രജനീകാന്ത്, വിജയ് സേതുപതി, ധനുഷ്, കമൽ ഹാസൻ തുടങ്ങിയ പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. ഏകദേശം 84.69 ശതമാനം പോളിംഗാണ് ഇത്തവണ തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയത്.

