EntertainmentKeralaNews

ജാതിയും മതവും തമിഴൻ, നടൻ വിജയ് യെ സ്കൂളിൽ ചേർത്തപ്പോൾ എഴുതിയതിങ്ങനെ

ചെന്നൈ:നടന്‍ വിജയ്‍യെ സ്‍കൂളില്‍ ചേര്‍ത്ത സമയത്ത് ജാതി, മതം കോളങ്ങളില്‍ ‘തമിഴന്‍’ എന്നാണ് നല്‍കിയതെന്ന് അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍. വിജയ് വിശ്വ നായകനാവുന്ന ‘സായം’ എന്ന ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് സംവിധായകന്‍ കൂടിയായ എസ് എ ചന്ദ്രശേഖര്‍ ഈ അനുഭവം ഓര്‍ത്തെടുത്തത്. ജാതീയത വിഷയമാക്കുന്ന സിനിമയാണ് സായം.

“സ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജാതീയത എങ്ങനെ വേരൂന്നുന്നുവെന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് സായം. സമൂഹത്തിന് ഉപകാരപ്പെടുന്ന സിനിമകള്‍ ചെയ്യുന്ന സംവിധായകരെ എനിക്കിഷ്‍ടമാണ്. പക്ഷേ ജാതീയതയില്‍ നിന്നു മുക്തരാവാന്‍ നമ്മള്‍ എന്താണ് ചെയ്യുന്നത്? എന്‍റെ മകന്‍ വിജയ്‍യെ സ്‍കൂളില്‍ ചേര്‍ത്ത സമയത്ത് അവന്‍റെ ജാതി, മതം എന്നിവയുടെ സംഥാനത്ത് തമിഴന്‍ എന്നാണ് ഞാന്‍ എഴുതിയത്. ആപ്ലിക്കേഷന്‍ ഫോം ആദ്യം സ്വീകരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.

സമരം ചെയ്യുമെന്നും അവസാനം സ്‍കൂള്‍ പൂട്ടേണ്ടിവരുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയപ്പോഴാണ് അവര്‍ അവസാനം അപേക്ഷ സ്വീകരിച്ചത്. പിന്നീടിങ്ങോട്ട് വിജയ്‍യുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ജാതി പരാമര്‍ശിക്കുന്നിടത്തെല്ലാം നിങ്ങള്‍ക്ക് ‘തമിഴന്‍’ എന്നു കാണാം. നമ്മളാണ് ജാതിക്ക് പ്രാധാന്യം കൊടുക്കുന്നത്. ഞാന്‍ ചെയ്‍തത് ആര്‍ക്കും ചെയ്യാനാവുന്ന കാര്യമാണ്. ഈ രീതിയില്‍ വരുന്ന 20 വര്‍ഷംകൊണ്ട് നമുക്ക് ജാതീയതയെ തകര്‍ക്കാനാവും”, ചന്ദ്രശേഖര്‍ പറഞ്ഞു.

മകന് വിജയ് എന്നു പേരിടാനുണ്ടായ കാരണത്തെക്കുരിച്ചും ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു- “എന്‍റെ ചിത്രത്തില്‍ മുന്‍പ് അഭിനയിച്ചിട്ടുള്ള ആളാണ് എബി ശരവണന്‍. ഇപ്പോള്‍ വിജയ് വിശ്വ എന്ന് പേര് മാറ്റിയിരിക്കുന്നു അദ്ദേഹം. വിജയ് എന്ന പേര് ഉച്ചരിക്കുമ്പോള്‍ ഒരു വൈബ്രേഷന്‍ സൃഷ്‍ടിക്കപ്പെടുന്നുണ്ട്. ബോളിവുഡിലെ തിരക്കഥാകൃത്തുക്കളായ സലിം-ജാവേദ് തങ്ങളുടെ നായകന്മാര്‍ക്ക്, പ്രത്യേകിച്ചും അമിതാഭ് ബച്ചന്‍ ചിത്രങ്ങളില്‍, വിജയ് എന്ന് പേരിടുമായിരുന്നു.

അതുപോലെ ഞാനും എന്‍റെ സിനിമകളിലെ നായകന്മാര്‍ക്ക് വിജയ് എന്ന് പേരു നല്‍കിയിട്ടുണ്ട്. ഇക്കാരണത്താലാണ് എന്‍റെ മകനും ഞാന്‍ വിജയ് എന്ന് പേരിട്ടത്. വിജയ് എന്ന വാക്കിന് വിജയം എന്നാണ് അര്‍ഥം”, എസ് എ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button