കൊച്ചി: മലയാള സിനിമാ ലോകം കാണാൻ പോകുന്ന അടുത്ത സൂപ്പർസ്റ്റാറാണ് ഉണ്ണി മുകുന്ദൻ എന്നാണ് ഏവരും കരുതിയത്. ആരാധക പിന്തുണ, സ്ക്രീൻപ്രസൻസ് എന്നിവയെല്ലാമുള്ള നടന് പക്ഷെ വിനയായത് വിവാദങ്ങളാണ്. കരിയറിലേക്ക് കടന്ന് വന്ന കാലം മുതൽ ഇന്ന് വരെയും ഒന്നിന് പിറകെ ഒന്നായി ഉണ്ണിക്ക് പ്രശ്നങ്ങൾ വരുന്നു. സമകാലീനരായ നടൻമാരിൽ മിക്കവരും മലയാള സിനിമാ ലോകത്തിന് വേണ്ടപ്പെട്ടവരായി ഇക്കാലയളവിനുള്ളിൽ മാറി. എന്നാൽ ഉണ്ണിയുടെ ഉയർച്ച പതുക്കെയായിരുന്നു.
പരിശ്രമത്തിനൊടുവിൽ താരപദവിയിലേക്ക് വന്നെങ്കിലും ഇപ്പോഴും നടന്റെ കരിയറിൽ അനിശ്ചിതത്വം ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഉണ്ണിക്ക് സൂപ്പർതാര പരിവേഷം നൽകിയ സിനിമ മാർക്കോയാണ്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം നടന്റെ ഒരു പുതിയ പ്രൊജക്ടും പ്രഖ്യാപിച്ചിട്ടില്ല. 2024 ഡിസംബർ 20 നാണ് മാർക്കോ റിലീസ് ചെയ്തത്. ആറ് മാസം പിന്നിടുമ്പോഴും ഉണ്ണിക്ക് പുതിയ പ്രൊജക്ടില്ലെന്നത് ആരാധകരെ ആശങ്കിയിലാക്കുന്നു.
നിലവിൽ ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ല. സോഷ്യൽ മീഡിയാസിൽ, ചില ട്രോൾ പേജുകളിലും മറ്റും ഉണ്ണിയേട്ടൻ മാർക്കോ ടീമിന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാണെന്നുള്ള തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഉണ്ണിയേട്ടൻ ആ ചിത്രത്തിൽ ഇല്ല എന്നതാണ് യാഥാർഥ്യം.. ഉണ്ണിയേട്ടന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റ്സ് അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെ നിങ്ങളിലേക്ക് എത്തുന്നതായിരിക്കും എന്നാണ് ഉണ്ണി മുകുന്ദന്റെ ഫാൻസ് പേജിൽ വന്ന അറിയിപ്പ്.
ഉണ്ണി മുകുന്ദൻ മാർക്കോ ടീമുമായി അടിച്ച് പിരിഞ്ഞെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മാർക്കോയുടെ നിർമാതാവ് ഷരീഫ് മുഹമ്മദും ഉണ്ണി മുകുന്ദനും പരസ്പരം ഫോളോ ചെയ്യുന്നില്ല. എന്താണിവർക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ഉണ്ണി മുകുന്ദനുമായി നേരത്തെ സിനിമകൾ ചെയ്ത മേക്കേർസും ഇന്ന് നടനിൽ നിന്ന് മാറി നിൽക്കുന്നെന്നും ഇവരെല്ലാവരുമായി ഉണ്ണിക്ക് പ്രശ്നങ്ങളുണ്ടായെന്നും വാദമുണ്ട്. ഉണ്ണി മുകുന്ദനൊപ്പം എപ്പോഴും കൂടെയുണ്ടായിരുന്ന സംവിധായകൻ വിഷ്ണു മോഹൻ എന്ന സംവിധായകനുമായി ഉണ്ണി തെറ്റിപ്പിരിഞ്ഞെന്ന് പറയുന്നുണ്ട്.
നടന്റെ ആരാധകരിൽ പലരും വാർത്തകളെ തള്ളിക്കളയുന്നു. 10 കോടി രൂപയോളമാണ് ഉണ്ണി മുകുന്ദൻ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെന്നാണ് സൂചന. ഇത് ശരിയാണെങ്കിൽ പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർക്കും മുകളിലാണ് ഉണ്ണിയുടെ പ്രതിഫലം. എന്നാൽ കരിയറിൽ എടുത്ത് പറയാനുള്ള ഹിറ്റാകട്ടെ മാർക്കോ, മാളികപ്പുറത്ത് എന്നിവ മാത്രം.
ഒടുവിൽ പുറത്തിറങ്ങിയ ഗെറ്റ് സെറ്റ് ബേബി പരാജയവുമായിരുന്നു. 9.99 കോടി രൂപയ്ക്ക് നിർമ്മിച്ച സിനിമ പക്ഷെ 3.85 കോടി രൂപ മാത്രമാണ് കലക്ട് ചെയ്തതെന്നാണ് പുറത്ത് വന്ന വിവരം. ബ്രൂസ്ലി എന്ന സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഈ പ്രൊജക്ടിനെക്കുറിച്ചും വിവരമില്ല. പല സിനിമകളും പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും മുന്നോട്ട് നീങ്ങില്ല. ഇതെല്ലാം ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
സഹപ്രവർത്തകരുമായി ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണെന്ന വാദം ശക്തമാണ്. ഗെറ്റ് സെറ്റ് ബേബിയിൽ നായികയായ നിഖില വിമലിനെ ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. നിഖിലയും നടനെ ഫോളോ ചെയ്യുന്നില്ല. അടുത്തിടെ ഉണ്ണി മുകുന്ദന്റെ മാനേജർ വിപിൻ കുമാർ ഉണ്ണിക്കെതിരെ പരാതി നൽകിയിരുന്നു. നടന്റെ കരിയറിലെ സാഹചര്യം മോശമാണെന്ന് വിപിൻ കുമാർ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

