നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: നടന്‍ പട്ടത്ത് ചന്ദ്രന്‍ അന്തരിച്ചു. 59 വയസുകാരനായ അദ്ദേഹം തൃശൂര്‍ ചന്ദ്രന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

സിനിമയിലെത്തും മുന്‍പ് നാടക നടന്‍ എന്ന നിലയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചന്ദ്രന്‍, കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളില്‍ സജീവമായിരുന്നു. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.

പിഎന്‍ മേനോന്‍, സത്യന്‍ അന്തിക്കാട്, ഹരിഹരന്‍ എന്നീ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചു. കലാനിലയം എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് സത്യന്‍ അന്തിക്കാട് സിനിമയിലേക്ക് ക്ഷണിച്ചത്. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിള്‍ അഭിനയിച്ചു. നിരവധി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സൗമ്യ, വിനീഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News