KeralaNews

ഈ വാക്കുകൾ ഞങ്ങളെ കീഴടങ്ങുന്നു, ശൈലജ ടീച്ചർക്ക് നന്ദി പറഞ്ഞ് നടൻ സൂര്യ

ചെന്നൈ:താന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘ജയ് ഭീം’ (Jai Bhim) കണ്ട് സോഷ്യല്‍ മീഡിയയിലൂടെ നല്ല അഭിപ്രായം പങ്കുവച്ച മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് (KK shailaja) നന്ദി അറിയിച്ച് നടന്‍ സൂര്യ (Suriya). “താങ്കളില്‍ നിന്ന് ലഭിച്ച ഈ അഭിപ്രായം ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു, മാഡം. താങ്കള്‍ ചെയ്യുന്ന കാര്യങ്ങളോട് ഏറെ ബഹുമാനമുണ്ട്. ജയ് ഭീം ടീമിനുവേണ്ടി ഒരുപാട് നന്ദി അറിയിക്കുന്നു”, എന്നാണ് കെ കെ ശൈലജയുടെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുള്ള ട്വീറ്റ് പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ സൂര്യ കുറിച്ചത്.

“പരിവര്‍ത്തനാത്മകമായ മാറ്റത്തിന് പ്രചോദനം പകരുന്നതാണ് ജയ് ഭീം എന്ന ചിത്രം. സമൂഹത്തിലെ വ്യവസ്ഥാപിതമായ ഹിംസയുടെയും വേര്‍തിരിവിന്‍റെയും കഠിനയാഥാര്‍ഥ്യങ്ങളുടെ സത്യസന്ധമായ അവതരണമാണ് ചിത്രത്തില്‍. മികച്ച പ്രകടനങ്ങള്‍. ജയ് ഭീം ടീമിന് അഭിനന്ദനങ്ങള്‍”, എന്നായിരുന്നു കെ കെ ശൈലജയുടെ ട്വീറ്റ്. ഫേസ്ബുക്കിലൂടെ ചിത്രത്തെക്കുറിച്ച് വിശദമായ മറ്റൊരു കുറിപ്പും അവര്‍ പങ്കുവച്ചിരുന്നു. അതേസമയം ചിത്രത്തെ പ്രശംസിച്ച മന്ത്രി മുഹമ്മദ് റിയാസിനും ട്വിറ്ററിലൂടെ സൂര്യ നന്ദി അറിയിച്ചിട്ടുണ്ട്.

ത സെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ലീഗല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചന്ദ്രു എന്ന വക്കീല്‍ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചിരിക്കുന്നത്. തന്‍റെ ഭര്‍ത്താവിന് നീതിക്കുവേണ്ടി ശ്രമിക്കുന്ന സെങ്കനി എന്ന കഥാപാത്രമായി മലയാളി താരം ലിജോമോള്‍ ആണ് അഭിനയിച്ചിരിക്കുന്നത്. ലിജോമോളുടെ പ്രകടനത്തിനും ചിത്രത്തിന്‍റെ റിലീസ് ദിനം മുതല്‍ അഭിനന്ദനപ്രവാഹമാണ്. സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പനി 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂരറൈ പോട്രിനുശേഷമുള്ള സൂര്യയുടെ ഡയറക്റ്റ് ഒടിടി റിലീസുമായിരുന്നു ചിത്രം. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം രണ്ടിനായിരുന്നു ജയ് ഭീമിന്‍റെ റിലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button