ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ കാര്യമായ പരിക്കുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ഷൂട്ടിങ് ചെന്നൈയിലെ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സിനിമയുടെ ഇന്നത്തെ ചിത്രീകരണം നിര്‍ത്തിവച്ചിട്ടുണ്ട്.
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. 350 കോടി ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ്. 38 ഭാഷകളിലാണ് ചിത്രത്തിന്‍റെ ആഗോള റിലീസ് എന്ന് നിര്‍മ്മാതാവ് ഈയിടെ അറിയിച്ചിരുന്നു.
“ചിത്രത്തിന് 3ഡി, ഐമാക്സ് പതിപ്പുകള്‍ ഉണ്ടാവും. തമിഴ് സിനിമ ഇതുവരെ എത്തിച്ചേര്‍ന്നിട്ടുള്ള വിപണികളെയെല്ലാം അതിലംഘിച്ചുള്ള റീച്ച് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്താല്‍ ബോക്സ് ഓഫീസ് കണക്കുകളിലും തമിഴ് സിനിമയുടെ റീച്ചിലും ചിത്രം പുതിയ വാതിലുകള്‍ തുറക്കും”, ബിഹൈന്‍ഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ ജ്ഞാനവേല്‍ രാജ പറഞ്ഞിരുന്നു.
ആദിനാരായണ തിരക്കഥയൊരുക്കിയിരിക്കുന്ന കങ്കുവയില്‍ യുവി ക്രിയേഷന്‍സും സഹനിര്‍മ്മാതാക്കളാണ്. ദിഷ പഠാനിയാണ് നായിക. ബോളിവുഡ് നായികയുടെ തമിഴ് അരങ്ങേറ്റമാണ് ചിത്രം. യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ബി എസ് അവിനാശ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി, എഡിറ്റിംഗ് നിഷാദ് യൂസഫ്.