27.7 C
Kottayam
Monday, April 29, 2024

സഞ്ജു 30,അബ്ദുള്‍ ബാസിത് 60, ചാമ്പ്യൻമാരെ തകർത്ത് കേരളം

Must read

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ നിലവിലെ ചാംപ്യന്മാരായ സൗരാഷട്രയെ തോല്‍പ്പിച്ച് കേരളം തുടങ്ങി. ആളൂരില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 49.1 ഓവറില്‍ 185 റണ്‍സില്‍ എല്ലാവരും പുറത്തായി.

ആറാമനായി ക്രീസിലെത്തി 121 പന്തില്‍ 98 റണ്‍സുമായി പൊരുതിയ വിശ്വരാജ്സിംഗ് ജഡേജയുടെ ഇന്നിംഗ്സാണ് സൗരാഷ്ട്രയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ 20 വയസുകാരന്‍ അഖിന്‍ സത്താര്‍ കേരള ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗില്‍ കേരളം 47.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 76 പന്തില്‍ 60 റണ്‍സ് നേടിയ അബ്ദുള്‍ ബാസിതാണ് കേരള താരങ്ങളില്‍ തിളങ്ങിയത്.മോശം തുടക്കമായിരുന്നു കേരളത്തിന്. 17 റണ്‍സിനിടെ കേരളത്തിന് ഓപ്പണര്‍മാരായ വിഷ്ണു വിനോദ് (4), രോഹന്‍ കുന്നുമ്മല്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്നത് സഞ്ജു-സച്ചിന്‍ ബേബി സഖ്യം ഇരുവരും 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സച്ചിന്‍ ബേബി അങ്കുര്‍ പന്‍വാറിന്റെ പന്തില്‍ പുറത്തായി. അധികം വൈകാതെ സഞ്ജുവിനേയും അങ്കുര്‍ മടക്കി. 47 പന്തുകള്‍ നേരിട്ട ആറ് ബൗണ്ടറികള്‍ നേടി. ഇതോടെ കേരളം നാലിന് 61 എന്ന നിലയിലായി. പിന്നീട് ഒത്തുചേര്‍ന്ന അഖില്‍ സ്‌കറിയ (28) – ബാസിത് സഖ്യം കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

ഇരുവരും 88 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബാസിത്തിനെ അങ്കുര്‍ പുറത്താക്കി. ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ബാസിത്തിന്റെ ഇന്നിംഗ്‌സ്. ഇതിനിടെ സിജോമോന്‍ ജോസഫും മടങ്ങി. എന്നാല്‍ ബേസില്‍ തമ്പിയെ (8) കൂട്ടുപിടിച്ച് അതിഥി താരം ശ്രേയസ് ഗോപാല്‍ (33 പന്തില്‍ 21) വിജയത്തിലേക്ക് നയിച്ചു.

ഇരുവരും പുറത്താവാതെ നിന്നു. അങ്കുര്‍ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ, 10 ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സത്താര്‍ നാല് പേരെ പുറത്താക്കിയത്. ശ്രേയാസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വീതം വിക്കറ്റ് നേടി. അഖില്‍ സ്‌കറിയയും ബേസില്‍ എന്‍പി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ജഡേജയെ കൂടാതെ ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്ഖട് 37 റണ്‍സെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week