ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം ഇപ്പോള്‍ സിനിമയെക്കാള്‍ വലിയ ആക്ഷന്‍ പടമായി മാറിയിരിക്കുകയാണ്. സൂപ്പര്‍ താരം വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും തമിഴക വെട്രി കഴകത്തിന്റെ റാലികളും തമിഴ്‌നാട്ടില്‍ വലിയ ചലനമുണ്ടാക്കുമ്പോഴാണ്, തമിഴ് സിനിമയിലെ വെറ്ററന്‍ താരം സത്യരാജ് ബോംബുമായി രംഗത്തെത്തിയിരിക്കുന്നത്. വിജയ്യെ വെറുമൊരു 'അങ്കിള്‍' വിളിയില്‍ തളച്ചിട്ട്, അജിത്തിന്റെ ജനപ്രീതി ഉയര്‍ത്തിക്കാട്ടി സത്യരാജ് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ തീകൊളുത്തിയിരിക്കുകയാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഒരു രാഷ്ട്രീയ യോഗത്തിനിടെ വിജയ് 'അങ്കിള്‍ സ്റ്റാലിന്‍' എന്ന് അഭിസംബോധന ചെയ്തതാണ് സത്യരാജിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയോട് കാണിക്കേണ്ട രാഷ്ട്രീയ മര്യാദ വിജയ് ലംഘിച്ചുവെന്നാണ് കടുത്ത ഡിഎംകെ അനുഭാവിയായ സത്യരാജിന്റെ പക്ഷം. 'ഒരു മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യേണ്ടത് ഇങ്ങനെയല്ല. അന്ന് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരെ ഇങ്ങനെ 'ആന്റി' എന്ന് വിളിച്ചിരുന്നെങ്കില്‍ വിജയ്യെ അവര്‍ കൊത്തുപൊറോട്ട പോലെ പിച്ചിച്ചീന്തുമായിരുന്നു' – സത്യരാജ് പരിഹസിച്ചു.
വിജയ്യുടെ റാലികളിലെ ജനക്കൂട്ടത്തെ കുറിച്ചുള്ള വീരവാദങ്ങള്‍ക്കും സത്യരാജ് മറുപടി നല്‍കി. സിനിമയിലെ വിജയ്യുടെ ചിരവൈരിയായ അജിത്തിനെ ആയുധമാക്കിയാണ് സത്യരാജിന്റെ ആക്രമണം. അജിത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചാല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി ജനക്കൂട്ടം അദ്ദേഹത്തിന് പിന്നാലെ വരും. വിജയ്യുടെ ജനപ്രീതി വെറും ബുദ്ധിപരമായ നീക്കം മാത്രമാണെന്നും യഥാര്‍ത്ഥ മാസ് അജിത്താണെന്നും സത്യരാജ് പരോക്ഷമായി സമര്‍ത്ഥിക്കുന്നു.
2013-ല്‍ 'തലൈവാ' സിനിമയുടെ റിലീസ് സമയത്ത് ജയലളിത സര്‍ക്കാരുമായി വിജയ് കൊമ്പുകോര്‍ത്തതും പിന്നീട് മാപ്പപേക്ഷിച്ചതും സത്യരാജ് ഓര്‍മ്മിപ്പിച്ചു. 'ടൈം ടു ലീഡ്' എന്ന ടാഗ്ലൈന്‍ മാറ്റാന്‍ വിജയ് അന്ന് വിറച്ചിരുന്നുവെന്നും, ഇന്ന് 'നാ റെഡി താന്‍' (ഞാന്‍ റെഡിയാണ്) എന്ന് പാടുന്ന വിജയ് അന്ന് റോഡരികില്‍ ഇരുന്ന് മുട്ടപ്പൊറോട്ട അടിക്കുന്നതിനെക്കുറിച്ച് പാടേണ്ടി വരുമായിരുന്നുവെന്നും സത്യരാജ് ആഞ്ഞടിച്ചു.
സത്യരാജ് വിജയ്ക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ വീട്ടില്‍ നിന്ന് തന്നെ മറുപടി ഉയരുന്നതാണ് കൗതുകകരം. സത്യരാജിന്റെ മകനും നടനുമായ സിബിരാജ് വിജയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ: 'വിദ്വേഷവും ദേഷ്യവും പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ നിശബ്ദത പാലിക്കുന്നതാണ് ജീവിതം സന്തോഷകരമാക്കാനുള്ള ഏറ്റവും നല്ല വഴി.' പിതാവിന്റെ പ്രസ്താവനകളോടുള്ള മകന്റെ പരോക്ഷമായ വിയോജിപ്പായി ഇതിനെ ആരാധകര്‍ കാണുന്നു. വിജയ് ആരാധകര്‍ സിബിരാജിനെ കൈയടികളോടെ സ്വീകരിക്കുമ്പോള്‍, ഡിഎംകെ സൈബര്‍ വിങ്ങും സത്യരാജ് ആരാധകരും താരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.


