ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ ഓക്സിജനു വേണ്ടി യാചിച്ച നടനും യൂട്യൂബറുമായ രാഹുല്‍ വോറ (35) കോവിഡ് ബാധിച്ച് മരിച്ചു. നെറ്റ്ഫ്ളികസിലെ അണ്‍ഫ്രീഡമാണ് പ്രശസ്തമായ ചിത്രം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാഹുല്‍ നാലു ദിവസം മുന്‍പാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
‘ഞാന്‍ കോവിഡ് പൊസറ്റീവാണ്. നാലു ദിവസമായി ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതിയില്‍ യാതൊരു മാറ്റുവുമില്ല. രോഗത്തിന് ഒട്ടും കുറവില്ല. എന്റെ ഓക്സിജന്‍ നില തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്.
ഇവിടെ അടുത്ത് ഓക്സിജന്‍ ബെഡ്ഡുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലും ഉണ്ടോ? എന്നെ സഹായിക്കാന്‍ ആരും തന്നെയില്ല. കുടുംബം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. തീര്‍ത്തും നിസ്സഹായനായതു കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റിടുന്നത്.’- മെയ് നാലിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ഞാന്‍ പുനര്‍ജനിക്കും. എന്നിട്ട് കുറേ നല്ല കാര്യങ്ങള്‍ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയിരിക്കുന്നു. അടുത്ത ദിവസം ഇട്ട മറ്റൊരു പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു.
ഇതിനു തൊട്ടു പിറകെ രാഹുല്‍ മരിക്കുകയും ചെയ്തു.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍, ജീവന് രക്ഷിക്കാനായില്ല.