ചെന്നൈ: കനത്ത മഴയിൽ ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയെന്നും ചുഴലിക്കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീഴുന്നത് ബാൽക്കണിയിലൂടെ കണ്ടെന്നും നടൻ റഹ്മാൻ. താൻ താമസിക്കുന്നത് താരതമ്യേന സുരക്ഷിത മേഖലയിലാണെന്നും അഭിനേതാക്കൾ വാട്സാപ്പിലൂടെ പരസ്പരം വിവരങ്ങൾ കൈമാറുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു.
അപ്പാർട്ട്മെന്റിനു താഴെ പാർക്കു ചെയ്തിരുന്ന കാറുകൾ വെള്ളത്തിൽ ഒഴുകിപോകുന്ന വിഡിയോ റഹ്മാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. താരം സുരക്ഷിതനാണോയെന്ന് നിരവധിപേർ കമന്റിലൂടെ ചോദിച്ചിരുന്നു.
‘ഞാൻ താമസിക്കുന്ന പ്രദേശം നിലവിൽ സുരക്ഷിതമാണ്. മഴ ഇന്നലെ രാത്രി രണ്ടു മണിയോടെ തുടങ്ങി. രാത്രി തന്നെ കറന്റ് പോയി. ചെന്നൈ നഗരത്തിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. എന്റെ വീടിന്റെ താഴെയുള്ള ദൃശ്യമല്ല സമൂഹമാധ്യമത്തിൽ ഇട്ടത്. സുഹൃത്തിന്റെ വീടിന്റെ താഴത്തെ ദൃശ്യമാണ്. ആ വീട് ചെന്നൈ നഗരത്തിന്റെ മധ്യത്തിലാണ്. എന്റെ വീട് അണ്ണാ നഗറിലാണ്. ഞങ്ങൾ കുറച്ചുകൂടി സുരക്ഷിതമായ മേഖലയിലാണ്. വീടിനടുത്ത് ഇത്രയും വെള്ളമില്ലെങ്കിലും വെള്ളമുണ്ട്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. നല്ല കാറ്റുമുണ്ട്. മരങ്ങളൊക്കെ വീഴുന്നത് ബാൽക്കണിയിലൂടെ കണ്ടു. ഇന്നും നാളെയും മഴ തുടരുമെന്നാണ് അറിയിപ്പ്’–റഹ്മാൻ പറഞ്ഞു.
Chennai Airport #CycloneMichaung Brutally smashing credits Nandakumar pic.twitter.com/mIjNLehYRG
— MasRainman (@MasRainman) December 4, 2023
‘അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. 10 ദിവസം മുൻപുതന്നെ മഴ അറിയിപ്പ് ലഭിച്ചു. ചുഴലിക്കാറ്റിന്റെ സാധ്യതയും അറിയിച്ചിരുന്നു. ചെന്നൈ നഗരത്തിൽ വെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജ് സംവിധാനമൊക്കെയുണ്ട്. പക്ഷേ, പതിവില്ലാത്ത മഴയാണുണ്ടായത്. സാധാരണ ലഭിക്കുന്നതിനേക്കാൾ പത്തിരട്ടി മഴ ലഭിച്ചു.
ഓടകൾ നിറഞ്ഞു കവിഞ്ഞു. പലയിടത്തും വെള്ളം കെട്ടി. എൺപതുകളിലെ അഭിനേതാക്കൾക്ക് ഒരു വാട്സാപ് ഗ്രൂപ്പുണ്ട്. വാട്സാപ്പിലൂടെ പരസ്പരം വിവരം കൈമാറുന്നുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കുകയും ചെയ്യുന്നുണ്ട്’–റഹ്മാൻ പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത. മഴ കനത്തതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെന്നെെ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവച്ചു.
ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും തിരിച്ചുമുള്ള 40 സർവീസുകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമടക്കം ചൊവ്വാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. അതിനിടെ, ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.