നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു? ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, സത്യാവസ്ഥ വെളിപ്പെടുത്തി നടനും സംവിധായകനും
കൊച്ചി:നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് പ്രചാരണമാണ് നടക്കുന്നത്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഡി.കെ ദിലീപ്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ ഡി.കെ ദിലീപ് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. നോബിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് സിനിമയുടെ ക്ലൈമാക്സ് ചിത്രങ്ങളാണ്. ഇത് തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡി.കെ.ദിലീപ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുരുത്തോല പെരുന്നാള്‍’.
മിലാ ഗ്രോസ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മടപ്പുര മൂവിസിന്റെ ബാനറില്‍ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ക്ക് പുറമെ നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
സംഭവം ദൃശ്യങ്ങള്‍ അടക്കം പ്രചരിച്ചതോടെ പലരും ഇത് വിശ്വാസത്തിലെടുത്തു. ഇതിനെതിരെ ഒടുവിൽ നോബി തന്നെ രംഗത്തെത്തി.
താന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന രീതിയില്‍ പ്രചരിച്ച ദൃശ്യങ്ങളാണ് ആദ്യം കണ്ടതെന്നും പിന്നീടാണ് വാര്‍ത്ത കണ്ടതെന്നും നോബി പറഞ്ഞു. വാര്‍ത്ത കണ്ട് പലരും വിളിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചപ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു. ചില സുഹൃത്തുക്കളാണ് ഭാര്യക്ക് വാര്‍ത്ത അയച്ചുകൊടുത്തത്. അതിന് തൊട്ടുമുന്‍പ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു. വാര്‍ത്ത കണ്ട് താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് അവള്‍ വരെ സംശയിച്ചു. പിന്നീട് തിരികെ വിളിച്ചുപ്പോഴാണ് ആശ്വാസമായതെന്നും നോബി പറയുന്നു.
സോഷ്യല്‍ മീഡിയ ഉപകാരിയാണെങ്കില്‍ ചില സമയത്ത് ഉപദ്രവമാണെന്ന് നോബി പറയുന്നു. റീച്ച് കൂടാന്‍ ഓരോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. നിലവില്‍ പ്രചരിക്കുന്ന വിഡിയോ ‘കുരുത്തോല പെരുന്നാള്‍’ എന്ന തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലേതാണെന്നും നോബി പറഞ്ഞു.