KeralaNews

Murali:ശില്‍പ്പി പണി പഠിച്ചു,നടൻ മുരളിയുടെ പ്രതിമ കുളമായി, എങ്കിലും ശിൽപിയെ ‘വെറുതേ വിട്ടു’; 5.70 ലക്ഷം എഴുതിത്തള്ളി

തിരുവനന്തപുരം ∙ സംഗീത നാടക അക്കാദമിയിൽ മുൻ ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമിക്കുന്നതിൽ പിഴവു വരുത്തിയ ശിൽപിക്കു നൽകിയ 5.70 ലക്ഷം രൂപ എഴുതിത്തള്ളി ധനവകുപ്പ് ഉത്തരവിറക്കി. 

മുരളിയുമായി രൂപസാദൃശ്യമില്ലാത്ത ശിൽപം നിർമിച്ചതിനെത്തുടർന്നു കരാർ റദ്ദാക്കാനും ശിൽപി മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു.

എന്നാൽ, പണം തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലെന്നു ശിൽപി അറിയിച്ച സാഹചര്യത്തിൽ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളുകയായിരുന്നു. നഷ്ടം അക്കാദമി വഹിക്കണമെന്നാണു വ്യവസ്ഥ. സർക്കാർ ധന സഹായത്തോടെയാണ് അക്കാദമി പ്രവർത്തിക്കുന്നത്. 

മുരളിയുടെ പ്രതിമയ്ക്കായി 5.70 ലക്ഷം രൂപ നിർമാണച്ചെലവു കണക്കാക്കിയാണു കരാർ നൽകിയത്. നിർമിച്ച പ്രതിമയ്ക്കു മുരളിയുമായി സാദൃശ്യം ഇല്ലായിരുന്നു എന്നാണ് ആക്ഷേപം. രൂപമാറ്റം വരുത്താൻ പല തവണ ശി‍ൽപിക്ക് അവസരം നൽകിയെങ്കിലും പരാജയപ്പെട്ടു.

തുടർന്നു ശിൽപ നിർമാണം നിർത്താൻ അക്കാദമി നിർദേശിച്ചു. ഇതിനിടെ മുൻകൂറായി മുഴുവൻ തുകയും ശിൽപി കൈപ്പറ്റി. പിഴവുള്ളതാണെങ്കിലും പ്രതിമ അക്കാദമി വളപ്പിൽ സ്ഥാപിച്ചിരുന്നു. 

തുക തിരിച്ചടയ്ക്കാൻ ശിൽപിക്കു കത്തു നൽകി. അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റു വരുമാന മാർഗമില്ലാത്തതിനാൽ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർഥിച്ചു ശിൽപി മറുപടി നൽകി. ഇതു കഴിഞ്ഞ ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിനു കൈമാറുകയും ചെയ്തു.

കഴിഞ്ഞ മാസം 9 നാണ് ഇതിനു ധനമന്ത്രി അനുമതി നൽകിയത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനും അംഗീകരിച്ചതോടെ ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു മുരളി.ലങ്കാലക്ഷ്മി നാടകത്തിൽ മുരളി അഭിനയിച്ച കഥാപാത്രത്തിന്റെ മാതൃകയിലാണ് ശിൽപം നിർമിച്ചതെന്നാണ് ശിൽപിയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button