27.8 C
Kottayam
Wednesday, May 29, 2024

റാംജിറാവു സ്പീക്കിംഗില്‍ മുകേഷിനും സായ്കുമാറിനും പകരം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെയും ജയറാമിനെയും; നേരത്തെ റിലീസ് ചെയ്തത് ആ മോഹന്‍ലാല്‍ ചിത്രങ്ങളെ പേടിച്ച്!

Must read

കൊച്ചി:മലയാളത്തിലെ എക്കാലത്തേയും കോമഡി സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ്. ഇന്നസെന്റ്, മുകേഷ്, സായ്കുമാര്‍ എന്നിവരും ഏറെ ശ്രദ്ധിക്കപ്പെട്ടത് ഈ ചിത്രത്തിലൂടെയായിരുന്നു. മോഹന്‍ലാലും, മമ്മൂട്ടിയും അല്ലാതെ താനുള്‍പ്പടെയുള്ള രണ്ടാംനിര നടന്മാര്‍ക്ക് പുതിയ ഊര്‍ജം തന്ന സിനിമയായിരുന്നു റാംജിറാവു സ്പീക്കിങ് എന്നും ചിത്രത്തില്‍ മുകേഷിന്റെ സ്ഥാനത്ത് ആദ്യം മോഹന്‍ലാലിനെ തീരുമാനിക്കുകയും പിന്നീട് ആ കഥാപാത്രം തന്നെ തേടിയെത്തുകയുമായിരുന്നു എന്ന് മുകേഷ് പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനിയന്മാരോ കൂട്ടുകാരോ ആയി ഒതുങ്ങിപ്പോകേണ്ടിയിരുന്ന തങ്ങളെപ്പോലുള്ളവരെ വച്ചും സിനിമയെടുക്കാമെന്നും അതില്‍ റിസ്‌കില്ല എന്നും ഈ സിനിമ തെളിയിച്ചു കൊടുത്തു. മോഹന്‍ലാലിന്റേതുള്‍പ്പെടെ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന വന്ദനം അടക്കമുള്ള ചിത്രങ്ങളെ പേടിച്ച് ഓണത്തിന് രണ്ടാഴ്ച മുന്‍പ് റാംജിറാവു റിലീസ് ചെയ്തതിനെ പറ്റിയും എന്നാല്‍ വമ്പന്‍ സിനിമകളുടെ പോലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് റാംജിറാവു സ്പീക്കിങ് മുന്നേറുകയായിരുന്നെന്നും മുകേഷ് പറയുന്നു.

‘ഈ ചിത്രം ഓണത്തിന് രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തതാണ്. ഓണത്തിന് വലിയ സിനിമകളുണ്ട് അതിനു മുമ്പ് കുറച്ചെങ്കിലും ഓടട്ടെ എന്നു പറഞ്ഞാണ് അന്നു റിലീസ് ചെയ്തത്. അക്കാലത്താണ് വന്ദനം സിനിമയും ഇറങ്ങുന്നത്. അതിലും ഞാനുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം, ബാംഗ്ലൂരില്‍ മുഴുവന്‍ ഷൂട്ട്, വലിയ സിനിമയാണ്.

പാച്ചിക്കയൊക്കെ അന്ന് എന്നോടു ആ പടം എങ്ങനെയുണ്ടെന്നു ചോദിക്കും. പടം ഓടുമോ ഇല്ലയോ എന്നറിയില്ല പക്ഷേ അതിഗംഭീരമായാണ് എടുത്തിരിക്കുന്നതെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അതും കൂടി കേട്ടതോടെ ഓണത്തിനു റിലീസ് വേണ്ടെന്നു തന്നെ തീരുമാനിച്ചു. സിനിമയിറങ്ങി. ആദ്യത്തെ ദിവസങ്ങളില്‍ ആളുകളില്ലായിരുന്നു. പിന്നീട് അവിടെ നിന്ന് ചിത്രം 150 ദിവസം ഓടി. കഥ നന്നായാല്‍ സിനിമ നന്നാകും എന്നൊരു ധാരണ അതോടെയുണ്ടായി. താരങ്ങളുടെ ആവശ്യമില്ല എന്ന് ഈ സിനിമ ബോധ്യപ്പെടുത്തി,’മുകേഷ് പറയുന്നു.

എന്തു കൊണ്ടാണ് സൂപ്പര്‍ സ്റ്റാര്‍ ആകാതിരുന്നതെന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ടെന്നും ഇപ്പോഴും ആ ചോദ്യം പലരും തന്നോട് ചോദിക്കാറുണ്ടെന്നും മുകേഷ് പറയുന്നു. ആ കാലഘട്ടത്തില്‍ പ്രധാന സിനിമകളെടുത്ത ആരും തന്നെ തന്നെ നായകനാക്കാനോ നല്ലൊരു വേഷം തരാനോ തയ്യാറായിട്ടില്ലെന്നും മുകേഷ് പറയുന്നു.

ചിത്രത്തില്‍ ശരിക്കും ജയറാമായിരുന്നു സായ്കുമാറിന്റെ വേഷം ചെയ്യേണ്ടിയിരുന്നതെന്നും പക്ഷേ ജയറാമിന് ആ സമയത്ത് ഭരതേട്ടന്റെ പടമോ പത്മരാജന്റെ പടമോ ഒക്കെ വന്നതു കാരണം ഒടുവില്‍ ആ കഥാപാത്രത്തിനായി സായ്കുമാറിനെ കണ്ടെത്തുകയായിരുന്നെന്നും മുകേഷ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week