പരാതിയുമായി എന്നെ കാണാന്‍ വരേണ്ട, എം.പിമാരും എം.എല്‍.എമാരും നിങ്ങളുടെ പരാതി കേട്ടില്ലെങ്കില്‍ അടിച്ച് തലതകര്‍ക്കണം; ജനങ്ങളോട് കേന്ദ്രമന്ത്രി
ബെഗുസാര: ജനങ്ങളെ കേള്‍ക്കാന്‍ എംപിമാരും എംഎല്‍എമാരും തയ്യാറായില്ലെങ്കില്‍ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ ആഹ്വാനം. ഇത്തരം നിസാര കാര്യങ്ങളുടെ പേരില്‍ തന്നെ വിളിക്കേണ്ടെന്നും മന്ത്രി ജനമധ്യത്തില്‍ സംസാരിക്കവെ പറഞ്ഞു. ബെഗുസാരായിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതിയുമായി എത്തിയ ആളുകളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഗിരിരാജ്സിംഗ് ജനങ്ങളോട് തങ്ങളെ കേള്‍ക്കാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ പറഞ്ഞത്.
‘ഞാന്‍ അവരോട് പറയുന്നു, എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ക്കായി എന്റെ അടുത്ത് വരുന്നത്. എംപിമാര്‍, എംഎല്‍എമാര്‍, ഗ്രാമ മുഖ്യന്‍മാര്‍, ഡിഎംമാര്‍, എസ്ഡിഎമ്മുകള്‍, ബിഡിഒകള്‍, ഇവയെല്ലാം ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരാണ്. അവര്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, രണ്ട് കൈകളിലും ഒരു മുള വടി എടുത്ത് അവരുടെ തല അടിച്ചുതകര്‍ക്ക്,’- ഗിരിരാജ് സിങ് പറഞ്ഞു.
ആളുകള്‍ കരഘോഷത്തോടെയാണ് മന്ത്രിയുടെ പ്രസ്താവനയെ എതിരേറ്റത്. അതേസമയം, കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയെ അക്ഷരാര്‍ഥത്തിലല്ല, ആലങ്കാരികമായാണ് എടുക്കേണ്ടതെന്ന് ബിഹാറിലെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടു.